എൻഎസ്എസ് വോളണ്ടിയർമാർ കൃഷിമന്ത്രിയെ വസതിയിൽ സന്ദർശിച്ചു
1582454
Saturday, August 9, 2025 3:45 AM IST
പന്തളം: ഹരിത വിപ്ലവത്തിന്റെ പിതാവ് എം. എസ്. സ്വാമിനാഥന്റെ ജന്മശതാബ്ദി ദിനത്തിൽ തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയർമാർ മന്ത്രി പി. പ്രസാദിനെ വസതിയില്‍ സന്ദര്‍ശിച്ചു. ജപ്പാനിലെ വ്യത്യസ്ത കൃഷിരീതിയിലുള്ള കൊക്കെഡാമ വിദ്യാർഥികൾ മന്ത്രിക്കു സമ്മാനിച്ചു.
മണ്ണ്, ചാണകപ്പൊടി, ചകിരിച്ചോറ് എന്നിവ കുഴച്ച് പന്ത് രൂപത്തിലാക്കി അതിൽ ചെടി നട്ടതിനു ശേഷം ചുറ്റും പായൽ പൊതിഞ്ഞുവയ്ക്കുന്നതാണ് കൊക്കെഡാമ അഥവാ പായൽ പന്ത്. കൊക്കെഡാമ നിർമാണത്തെക്കുറിച്ചു ചോദിച്ചു മനസിലാക്കിയ മന്ത്രി കൃഷിരീതികളെക്കുറിച്ച് വളരെ വിശദമായി വോളണ്ടിയർമാരോട് സംസാരിച്ചു.
സ്കൂളിലെ ഓഫീസ്, സ്റ്റാഫ് റൂം, ക്ലാസ് മുറികൾ എന്നിടങ്ങളിൽ അലങ്കാര സസ്യമായി കൊക്കെഡാമ വളർത്താനാണ് തീരുമാനം. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എം.എ. ജയദീപ്, അധ്യാപിക അഞ്ജു എസ്. ആനന്ദ്, വോളണ്ടിയർ ലീഡർമാരായ അലീന ജോൺ, അൽഫവാസ്, അനന്യ ഗോകുൽ, ബിസ്മി, ഹുസ്ന ജലീൽ, അബിൻ, അലൻ മോൻ, മിസാറ ഫാത്തിമ, ദീപക്, ആദിത്യൻ തുടങ്ങിയവർ പങ്കെടുത്തു.