അടൂർ ഗോപാലകൃഷ്ണൻ പ്രസ്താവന തിരുത്തണം: സി.ആർ. മഹേഷ്
1582465
Saturday, August 9, 2025 3:56 AM IST
പത്തനംതിട്ട: അടൂർ ഗോപാലകൃഷ്ണന് എല്ലാവരും ബഹുമാനിച്ചിരുന്ന വ്യക്തിത്വമായിരുന്നുവെങ്കിലും പല സ്വർണനാണയങ്ങളും ഉരച്ചു നോക്കുമ്പോൾ ചെമ്പ് തെളിയുന്നതു പോലെയായി കഴിഞ്ഞദിവസം അദ്ദേഹം നടത്തിയ പ്രസ്താവനെയന്നും സി. ആർ. മഹേഷ് എംഎൽഎ. ബഹുഭൂരിപക്ഷം ആളുകളിലും മനോവേദന ഉളവാക്കിയ പ്രസ്താവന തിരുത്താൻ അദ്ദേഹം തയാറാകുകയാണ് വേണ്ടതെന്ന് മഹേഷ് പറഞ്ഞു.
കലാകാരൻമാർക്ക് ഇടത് സർക്കാർ യാതൊരു സഹായങ്ങളും നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അവശത അനുഭവിക്കുന്ന നിരവധി പേരുണ്ട്. ആദ്യകാലത്ത് കെപിഎസി പോലുള്ള നാടക സമിതികൾ നാട്ടിൻ പുറങ്ങളിൽ നാടകം അവതരിപ്പിച്ചാണ് ഇടതുപക്ഷം അധികാരത്തിൽ വന്നത്. എന്നാൽ നാടക സമിതികളെയും കലാകാരൻമാരെയും ഇടതുപക്ഷം വഴിയിൽ ഉപേക്ഷിച്ചു. രാത്രിയിൽ കലാപരിപാടികൾ അവതരിപ്പിക്കുന്ന കലാകാരൻമാരുടെ പേരിൽപോലും പോലീസ് കേസുകൾ എടുത്തു കൊണ്ടിരിക്കുകയാണ്.
സംസ്കാര സഹിതി അവതരിപ്പിച്ചു വരുന്ന മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന നാടകത്തിന് രാഷ്ട്രീയ കാരണത്താൽ അവാർഡ് തരാൻ സർക്കാർ തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് സംസ്കാരിക മുഖം നൽകുകയെന്നതാണ് സംസ്കാര സാഹിതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.