അധ്യാപികയുടെ ഭർത്താവിന്റെ ദാരുണാന്ത്യം: മാനേജർമാർ ധർണ നടത്തി
1582455
Saturday, August 9, 2025 3:45 AM IST
പത്തനംതിട്ട: ജില്ലയിലെ നാറാണംമൂഴി സെന്റ് ജോസഫ് സ്കൂളിലെ അധ്യാപികയുടെ ഭർത്താവിന്റെ ദാരുണാന്ത്യത്തിനു കാരണക്കാരായ ഉദ്യോഗസ്ഥരെ മാതൃകപരമായി ശിക്ഷിക്കണമെന്നും എയ്ഡഡ് സ്കൂൾ അധ്യാപക നിയമനങ്ങൾ അംഗീകരിക്കുന്നതിൽ പുലർത്തുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു കേരള പ്രൈവറ്റ് സ്കൂൾ മാനേജഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലാ ഓഫീസ് പടിക്കൽ ധർണ നടത്തി.
ഹൈക്കോടതി വിധിയും വിദ്യാഭ്യാസ മന്ത്രിയുടെ ഉത്തരവും നിർദ്ദേശങ്ങളും പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവുകളും അവഗണിച്ചാണ് ഉദ്യോഗസ്ഥർ ഫയലുകൾ മാറ്റിവച്ച് അധ്യാപികയുടെ ശന്പള കുടിശിക വൈകിപ്പിച്ചെന്നും അക്കാരണത്താൽ ഒരു കുടുംബത്തിനുണ്ടായ നഷ്ടം നികത്താനാകാത്തതാണെന്നും ധർണ ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറൽ സെക്രട്ടറി മണി കൊല്ലം പറഞ്ഞു.
പത്തനംതിട്ട ജില്ലാ പ്രസിഡന്റ് തോമസ് കോശി അധ്യക്ഷത വഹിച്ച ധർണയിൽ നാറാണംമൂഴി സെന്റ് ജോസഫ് സ്കൂൾ മാനേജർ ജോർജ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി രാജേഷ് ആക്ലേത്ത്, ജില്ലാ ട്രഷറാർ എസ്.കെ. അനിൽകുമാർ, ഫാ. പി.വൈ. ജസൺ, വൈസ് പ്രസിഡന്റ് ദീപു ഉമ്മൻ, രക്ഷാധികാരി രാധാകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി കെ.സി. ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.
ധർണയെത്തുടർന്ന് മാനേജഴ്സ് അസോസിയേഷൻ ഭാരവാഹികൾ പത്തനംതിട്ട ഡിഇഒയെ സന്ദർശിച്ചു. സംഭവത്തിനു കാരണക്കാരായ എല്ലാ ജീവനക്കാരെയും മാതൃകാപരമായി ശിക്ഷിക്കാൻ നടപടിയുണ്ടാകണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.