പുലി, കടുവ, കാട്ടാന... ഭീതി തുടരുന്നു
1582209
Friday, August 8, 2025 3:57 AM IST
കൂടൽ പാക്കണ്ടത്തും പുലിക്കെണി സ്ഥാപിച്ചു
കലഞ്ഞൂർ: ഗ്രാമപഞ്ചായത്തിൽ പുലിഭീതി നിലനിൽക്കുന്ന കൂടൽ പാക്കണ്ടത്തും കൂട് സ്ഥാപിച്ചു. പുലിയെ കുടുക്കാൻ കൂട് സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിച്ച് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് കൂട് സ്ഥാപിച്ചത്.
നേരത്തേ കലഞ്ഞൂർ പൂമരുതിക്കുഴിയിൽ കൂട് സ്ഥാപിച്ചിരുന്നു. രണ്ടിടത്തും കഴിഞ്ഞ ദിവസങ്ങളിൽ പുലിയെ കണ്ടിരുന്നു. രണ്ട് പുലികളാണ് ഇതെന്ന നിഗമനത്തിലാണ് കൂടുകൾ സ്ഥാപിച്ചിരുന്നതെന്നു വനപാലകർ പറഞ്ഞു.
പാടം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും വനം വകുപ്പ് ദ്രുതകർമ സേനയും നാട്ടുകാരും ചേർന്നാണ് കൂട് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസമാണ് പാക്കണ്ടം സ്വദേശി ബാബുവിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ കയറിയ പുലി കോഴിയെ പിടിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നതോടെ പുലിയാണെന്ന സ്ഥിരീകരണവുമുണ്ടായി.
കഴിഞ്ഞ ഞായറാഴ്ച പട്ടാപ്പകൽ കലഞ്ഞൂർ പൂമരുതിക്കുഴിയിൽ വളർത്തു നായയെ ഓടിച്ച് പുലി വീടിനുള്ളിലേക്ക് കയറിയതിനു പിന്നാലെ ഭീതിജനകമാണ് പ്രദേശത്തെ അവസ്ഥ. ജനങ്ങളുടെ ഭീതി അകറ്റാൻ കൂട് സ്ഥാപിച്ചു പുലിയെ പിടിക്കാനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്.
ജനവാസ മേഖലയിൽ
കലഞ്ഞൂർ മേഖലയിൽ വന്യമൃഗങ്ങളുടെ ആക്രമണം സ്ഥിരമായിരിക്കുകയാണ്. പുലി ഭീതി നിലനിൽക്കുന്നതിനിടെയാണ് കാട്ടാനയും കഴിഞ്ഞദിവസം ഇറങ്ങിയത്. പൂമരുതിക്കുഴിയിലാണ് കാട്ടാന വീടിന്റെ ജനൽ തകർത്തത്. കൂടൽ ഇഞ്ചപ്പാറയിൽ മുന്പ് വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ രണ്ടുതവണ പുലി കുടുങ്ങിയിരുന്നു.
അരുവാപ്പുലം, കലഞ്ഞൂർ ഗ്രാമപഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ 2022 മുതൽ 2024 വരെയുള്ള കാലഘട്ടങ്ങളിൽ നിരവധി തവണയാണ് വളർത്തുമൃഗങ്ങൾക്കു നേരേ പുലിയുടെ ആക്രമണം ഉണ്ടായിരുന്നു.
നിർബാധം പുലി
പുലിശല്യം രൂക്ഷമായ സാഹചര്യത്തിൽ കൂടൽ ഇഞ്ചപ്പാറയിൽ 2023 സെപ്റ്റംബർ 21 നാണ് വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ പുലി ആദ്യം കുടുങ്ങിയത്. 2022 നവംബർ 21 നാണ് കലഞ്ഞൂർ കുടപ്പാറയിൽ പുലി ആടിനെ പിടികൂടിയത്. തുടർന്ന് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ആധുനിക നിരീക്ഷണ കാമറകൾ ഉപയോഗിച്ചു പല സ്ഥലങ്ങളിലും തെരച്ചിൽ നടത്തിയിരുന്നു.
ഇതിനു തൊട്ടുപിന്നാലെയാണ് പൂച്ചക്കുളത്ത് പുലി വളർത്തുനായയെ പിടിച്ചത്. പിന്നീട് കൂടൽ ഇഞ്ചപ്പാറയിൽ പുലി ആടിനെ കടിച്ചു കൊന്നു. ഇതിനു തൊട്ടുപിന്നാലെയാണ് മുറിഞ്ഞകല്ലിലെ വീട്ടിൽ നിന്നും പുലിയുടെതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്.
ഒന്നിൽ കൂടുതൽ
അതിരുങ്കൽ, പോത്തുപാറ, ഇഞ്ചപ്പാറ, പൂമരുതിക്കുഴി തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ പിന്നീട് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. 2023 സെപ്റ്റംബർ 21 ന് കൂടൽ ഇഞ്ചപ്പാറയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. പുലി കുടുങ്ങി എന്ന ആശ്വാസത്തിൽ ജനങ്ങൾ കഴിയുന്നതിനിടെ പിന്നീട് പല സ്ഥലങ്ങളിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
ഒരു മാസംമുന്പ് കൂടൽ ഇഞ്ചപ്പാറയിൽ പാറപ്പുറത്ത് കയറി നിൽക്കുന്ന പുലിയുടെ ദൃശ്യങ്ങൾ നാട്ടുകാർ മൊബൈൽ കാമറയിൽ പകർത്തി. ഇതിനു മുന്പ് സംസ്ഥാന പാത മുറിച്ചു കടക്കുന്ന പുലിയെ കണ്ടതായും പറയുന്നു. രണ്ട് പഞ്ചായത്തുകളിലുമായി ഏകദേശം ഇരുപതിൽ അധികം ആടുകളെയാണ് പുലി അകത്താക്കിയത്. വർഷങ്ങളായി പുലിയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ നഷ്ട്ടപ്പെട്ടവരും അനവധിയാണ്. തണ്ണിത്തോട് പൂച്ചക്കുളത്തും പുലിയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്.
ഡ്രോൺ പരിശോധന നടത്തും
പുലി സാന്നിധ്യമുള്ള കൂടൽ, കലഞ്ഞൂർ മേഖലകളിൽ ഡ്രോൺ നിരീക്ഷണം നടത്താൻ സ്ഥലം സന്ദർശിച്ച കെയു. ജനീഷ് കുമാർ എംഎൽഎ നിർദേശം നൽകി. ഇന്നലെത്തന്നെ നിരീക്ഷണം നടത്താനായിരുന്നു നിർദേശം. കാട്ടാന സ്ഥിരമായിറങ്ങുന്ന മേഖലകളിൽ വനം, പോലീസ് സേനാംഗങ്ങളും നാട്ടുകാരും ചേർന്നു സംയുക്ത പരിശോധന നടത്തണം.
കാട്ടാനയെ കാട്ടിലേക്കു തുരത്താൻ കഴിയുന്ന തരത്തിലാകണം പരിശോധനകളെന്ന് എംഎൽഎ നിർദേശിച്ചു. മുന്പ് കോന്നിയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ കാട്ടാനയെ തുരത്താൻ നീക്കങ്ങളുണ്ടായതാണ്. കാടിറങ്ങുന്ന വന്യമൃഗങ്ങൾക്കു ജനവാസ മേഖലയോടു ചേർന്ന പ്രദേശങ്ങളിൽ താവളം ഉറപ്പിക്കാൻ കഴിയുന്ന വിധത്തിൽ വളർന്നു നിൽക്കുന്ന കാടും പടർപ്പുകളും അടിയന്തരമായി നീക്കം ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്.
വന്യമൃഗങ്ങളെ കാടിനുള്ളിലേക്കുതന്നെ തിരികെ കയറ്റിയെങ്കിൽ മാത്രമേ ജനങ്ങളുടെ ഭീതി ഒഴിയുകയുള്ളൂവെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.
കല്ലേലി റോഡിൽ വീണ്ടും കാട്ടാന
കോന്നിയിൽനിന്നു കൊക്കാത്തോട്, അച്ചൻകോവിൽ ഭാഗത്തേക്കള്ള യാത്രയിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം പതിവായതോടെ ആളുകൾ ഭീതിയിലായി. കഴിഞ്ഞ ദിവസം കല്ലേലി വനം ചെക്ക് പോസ്റ്റ് കഴിഞ്ഞുള്ള ഭാഗത്ത് വൈകുന്നേരം കാട്ടാനക്കൂട്ടം ഇറങ്ങിയതോടെ യാത്രക്കാർ വഴിയിൽ കുടുങ്ങി. കാട്ടാനകളുടെ മുന്പിൽനിന്നു തലനാരിഴയ്ക്കാണ് കഴിഞ്ഞയിടെ ഇരുചക്രവാഹന യാത്രക്കാർ അടക്കം ഈ റൂട്ടിൽ രക്ഷപ്പെട്ടത്.
കൊക്കാത്തോട്ടിൽ കടുവ
കൊക്കാത്തോട് വന മേഖലയിൽ പുലിയും ആനയും മാത്രമല്ല കടുവയുടെ സ്ഥിരമായ ഭീഷണിയുമുണ്ട്. പശു, ആട് എന്നിവയെ ലക്ഷ്യമിട്ടാണ് കടുവ എത്തുന്നത്. വനത്തോടു ചേർന്ന പ്രദേശമായതിനാൽ ഇവ കാടു കയറാതെ ജനവാസ മേഖലയോടു ചേർന്ന സ്ഥലങ്ങളിൽ തങ്ങുകയാണ്.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ കൊക്കാത്തോട് ഭാഗത്തു നിരവധി പശുക്കളും വളർത്തുനായ്ക്കളും വന്യമൃഗങ്ങൾക്ക് ഇരകളായെന്നു ജോർജ് വർഗീസ് പറഞ്ഞു. കൃഷിയിടങ്ങൾക്കു സംരക്ഷണം ഒരുക്കി സ്ഥാപിച്ചിട്ടുള്ള സോളാർ വേലികൾ കാട്ടാന വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.
ഞങ്ങൾ രാത്രി ഉറങ്ങാറില്ല......
ഞങ്ങൾ രാത്രി ഉറങ്ങാറില്ല, ചെറിയ ശബ്ദം പോലും പേടിപ്പെടുത്തുന്നു. മക്കളെ സ്കൂളിലേക്ക് അയയ്ക്കാൻ പോലും ഭയമാണ്. രാത്രി ലൈറ്റുകളും അലാറങ്ങളും വച്ചിട്ടും കാട്ടാനകൾ പിന്തിരിയുന്നില്ല. കലഞ്ഞൂർ പൂമരുതിക്കുഴിയിലെത്തിയ കെ.യു. ജനീഷ് കുമാർ എംഎൽഎയ്ക്കും വനപാലകർക്കും മുന്പിൽ പ്രദേശവാസികൾ ദുരിതം വിവരിച്ചു.
വന്യമൃഗങ്ങൾ ജീവനുതന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്. പുലി വീടിനുള്ളിൽ കയറുന്നത് ചിന്തിക്കാൻ പോലുമാകാത്ത കാര്യമാണ്. എന്നാൽ, കലഞ്ഞൂരിൽ അതുമുണ്ടായെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടി.
കൃഷിനാശവും ആയിരക്കണക്കിനു രൂപയുടെ നഷ്ടവും ജനങ്ങളെ സാമ്പത്തികമായി തളർത്തിയിരിക്കുകയാണ്. നിലവിൽ വന്യജീവി നിയന്ത്രണത്തിനായി വനം വകുപ്പ് ചില അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇതു മതിയായതല്ലെന്ന് നാട്ടുകാരുടെ പ്രതികരണം.
ജനപ്രതിനിധികളും പ്രശ്നം സർക്കാർ തലത്തിൽ ഉയർത്തിയിട്ടുണ്ട്. വനം വകുപ്പ് കാര്യക്ഷമമായി ഇടപെടണമെന്നാണ് ആവശ്യം. കാട്ടാന ഇറങ്ങുന്നതു തടയാൻ സൗരോർജ വേലികൾ, ട്രഞ്ചുകൾ ഇവ സ്ഥാപിക്കുക, പുലി, കടുവ തുടങ്ങിയവയുടെ സാന്നിധ്യം സ്ഥിരമായി നിരീക്ഷിക്കാൻ ഡ്രോൺ സംവിധാനത്തോടെ വനംവകുപ്പ് പട്രോളിംഗ് സ്ഥിരമാക്കുക,
വന്യമൃഗങ്ങൾ കാടിറങ്ങുന്നതു തടയാൻ സ്ഥിരമായ സംവിധാനമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രദേശവാസികൾ ഉന്നയിച്ചത്. കാട്ടാനയും കാട്ടുപന്നിയും വരുത്തുന്ന നാശനഷ്ടങ്ങൾക്കു പ്രത്യേക നഷ്ടപരിഹാര പാക്കേജ് വേണമെന്നാവശ്യവുമുണ്ടായി.