മുന്പ് ഫിറ്റ്; വിവാദം മൂത്തപ്പോൾ അൺഫിറ്റ് : സർട്ടിഫിക്കറ്റ് കൊടുത്തവർതന്നെ തിരുത്തുന്നു
1582449
Saturday, August 9, 2025 3:45 AM IST
പത്തനംതിട്ട: ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകിയ സ്കൂൾ, ആശുപത്രി കെട്ടിടങ്ങൾ പലതും അൺഫിറ്റെന്ന് രണ്ടു മാസത്തിനുള്ളിൽ തിരുത്തിയെഴുതുന്ന തിരക്കിലാണ് എൻജിനിയർമാർ. ജില്ലയിലെ തദ്ദേശ സ്ഥാപന, പൊതുമരാമത്ത് എൻജിനിയർമാരാണ് മുന്പെഴുതിയ റിപ്പോർട്ടുകൾ പലേടത്തും തിരുത്തുന്നത്.
അധ്യയനവർഷം തുടങ്ങുന്നതിനു മുന്നോടിയായി പൊതുവിദ്യാലയങ്ങളിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന എൻജിനിയർമാർ പരിശോധന നടത്തി ഫിറ്റനസ് സർട്ടിഫിക്കറ്റ് നൽകിയ ശേഷമാണ് ജൂണിൽ ക്ലാസുകൾ ആരംഭിച്ചത്. ഇതേ കെട്ടിടങ്ങൾ പലതും ഇപ്പോൾ അൺഫിറ്റാണെന്ന സർട്ടിഫിക്കറ്റുകൾ നൽകിവരികയാണ്.
തേവലക്കരയിലും സംസ്ഥാനത്തെ മറ്റു ചില സ്ഥലങ്ങളിലും സ്കൂളുകളുമായി ബന്ധപ്പെട്ടുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച സുരക്ഷ ഓഡിറ്റിംഗിന്റെ ചുവടു പിടിച്ചാണ് ഇപ്പോഴത്തെ പരിശോധനയും ഫിറ്റനസ് റദ്ദാക്കലും നടക്കുന്നത്.
56 ഫിറ്റ്നസ് റദ്ദാകും
പ്രാഥമിക പരിശോധനയിൽ ജില്ലയിൽ 56 സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് റദ്ദാകും. ഇതിൽ കാലപ്പഴക്കം മൂലം മാറ്റിയിട്ട കെട്ടിടങ്ങളും ഉൾപ്പെടുന്നു. സ്കൂൾ വളപ്പുകളിൽ പൊളിച്ചുനീക്കാതെ കിടക്കുന്ന ഇത്തരം കെട്ടിടങ്ങൾ അടിയന്തരമായി പൊളിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം ദുരന്ത നിവാരണ അഥോറിറ്റിയും ഉത്തരവിട്ടിരുന്നു.
അടിയന്തരമായി പൊളിച്ചു നീക്കേണ്ട 17 സ്കൂൾ കെട്ടിടങ്ങളുടെ പട്ടിക വിദ്യാഭ്യാസ വകുപ്പ് പൊതുമരാമത്ത് വകുപ്പിനു കൈമാറിയിട്ടുണ്ട്. ഇവയിൽ ക്ലാസുകൾ നടക്കുന്നില്ലെന്ന് ഉറപ്പാക്കിയാണ് പട്ടിക നൽകിയിരിക്കുന്നത്.
ജില്ലയിലെ 37 ആശുപത്രി കെട്ടിടങ്ങൾക്കും സുരക്ഷാ ഭീഷണിയുണ്ടെന്നാണ് റിപ്പോർട്ട്. പൊതു സ്ഥാപനങ്ങളുടെ കെട്ടിടങ്ങളുടെ സ്ഥിതി സംബന്ധിച്ചു പൊതുമരാമത്ത് വകുപ്പ് ഒരു പരിശോധനകൂടി നടത്തും. തദ്ദേശ സ്ഥാപന വകുപ്പും ദുരന്ത നിവാരണ അഥോറിറ്റിയും പരിശോധന നടത്തിവരികയാണ്.
തെറ്റിദ്ധരിപ്പിച്ചു
ജില്ലയിലെ സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സംബന്ധിച്ചു കഴിഞ്ഞ മാസം അവസാനം കൂടിയ ജില്ലാ വികസന സമിതിയോഗത്തിൽ എംഎൽഎമാർ അടക്കം ചോദ്യം ഉന്നയിച്ചപ്പോൾ ജില്ലയിൽ ഫിറ്റ്നസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഒരു സ്കൂൾ കെട്ടിടവും ഇല്ലെന്നായിരുന്നു മറുപടി. വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ച മറുപടി ജില്ലാ കളക്ടർ ആവർത്തിക്കുകയും ചെയ്തു. പിന്നാലെ സുരക്ഷ ഓഡിറ്റിംഗിന് സർക്കാർ നിർദേശം ലഭിച്ചതിനു പിന്നാലെ നടന്ന പിശോധനയിലാണ് വ്യാപകമായി കെട്ടിടങ്ങളുടെ പിഴവുകൾ ശ്രദ്ധിക്കപ്പെട്ടത്.
മേയ് അവസാനവാരം തദ്ദേശ സ്ഥാപന എൻജിനിയർമാർ പരിശോധന നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതായി പറയുന്ന കെട്ടിടങ്ങൾ രണ്ടു മാസത്തിനുശേഷം എങ്ങനെ അൺഫിറ്റായെന്നതു സംബന്ധിച്ചു വിശദീകരണമില്ല.
സ്കൂളുകളിൽ കെട്ടിടക്ഷാമം
സർക്കാർ സ്കൂളുകളുടേതടക്കം പല കെട്ടിടങ്ങൾക്കും ഫിറ്റ്നസ് നഷ്ടമായതോടെ ക്ലാസുകൾ നടത്താൻ സ്ഥലമില്ലാത്ത അവസ്ഥയാണ് പലേടത്തും. ആറന്മുള ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രധാന കെട്ടിടം കഴിഞ്ഞദിവസം അടച്ചിരുന്നു.
കെട്ടിടത്തിലെ ക്ലാസുകൾ മുഴുവനായി ഓഡിറ്റോറിയത്തിലേക്കു പുനഃക്രമീകരിക്കുകയായിരുന്നു. എന്നാൽ, ഇതു കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുന്നുണ്ട്. നിർമാണത്തിലിരിക്കുന്ന കെട്ടിടം പൂർത്തിയാക്കാൻ നടപടികളുണ്ടായാൽ ആറന്മുളയിലെ പ്രശ്നം തീരും.
കെട്ടിടം പണി പൂർത്തിയായിട്ടും ഫിറ്റ്നസ് ലഭിക്കാത്തതിനാൽ തുറന്നു കൊടുക്കാനാകാത്ത കെട്ടിടങ്ങളും പല സ്കൂളുകൾക്കുമുണ്ട്. നൂറുവർഷത്തിലേറെ പഴക്കമുള്ളതാണ് ജില്ലയിലെ ഒട്ടുമിക്ക പ്രൈമറി സ്കൂളുകളുടെയും കെട്ടിടങ്ങൾ.
ചുരുക്കം ചില സ്കൂളുകൾക്കു മാത്രമേ പുതിയ കെട്ടിടങ്ങളുണ്ടായിട്ടുള്ളൂ. ഒാടിട്ട പല കെട്ടിടങ്ങൾക്കും ഓരോ അവധിക്കാലത്തും അറ്റകുറ്റപ്പണി നടത്തിയാണ് പുതിയ അധ്യയന വർഷം ആരംഭിക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ കുറവു കാരണം എയ്ഡഡ് സ്കൂൾ മാനേജർമാർ പലേടത്തും പുതിയ കെട്ടിടങ്ങൾ പണിയാൻ താത്പര്യം കാട്ടുന്നതുമില്ല.