ദീപിക കളർ ഇന്ത്യ സീസൺ 4 ഇന്ന് : ജില്ലാതല ഉദ്ഘാടനം റാന്നി സെന്റ് മേരീസ് സ്കൂളിൽ
1582203
Friday, August 8, 2025 3:40 AM IST
പത്തനംതിട്ട: ദീപിക കളർ ഇന്ത്യ സീസൺ 4 ഇന്ന് തുടക്കമാകും. ഇന്ത്യയുടെ 79 ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ദീപിക കളർ ഇന്ത്യ മത്സരത്തിൽ എൽകെജി മുതൽ പ്ലസ്ടുതലംവരെയുള്ള കുട്ടികൾ പങ്കെടുക്കും.
പത്തനംതിട്ട ജില്ലയിലെ വിവിധ സ്കൂളുകളിലായി ഇന്നും അടുത്ത ദിവസങ്ങളിലുമായി മത്സരങ്ങൾ ക്രമീകരിക്കും. ദീപിക കളർ ഇന്ത്യ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് റാന്നി സെന്റ് മേരീസ് സെൻട്രൽ സ്കൂളിൽ നടക്കും. റാന്നി ഡിഎഫ്ഒ എൻ. രാജേഷ് മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
ദീപിക ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ) ഫാ. രഞ്ജിത് ആലുങ്കൽ അധ്യക്ഷത വഹിക്കും. സെന്റ് മേരീസ് സ്കൂൾ മാനേജർ ഫാ.കോശി മണ്ണിൽ, പ്രിൻസിപ്പൽ ഡോ. സില്ല ഏബ്രഹാം തുടങ്ങിയവർ പ്രസംഗിക്കും.
ലഹരിക്കെതിരേയുള്ള പോരാട്ടവും ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കാനുള്ള സന്ദേശവും കുട്ടികൾക്കു പകർന്നു നൽകുകയെന്ന ലക്ഷ്യത്തോടെയാണ് അഖിലേന്ത്യ തലത്തിൽ ദീപിക കളർ ഇന്ത്യ മത്സരം നടത്തുന്നത്.