അടൂർ ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്നു പരാതി
1582205
Friday, August 8, 2025 3:40 AM IST
അടൂർ: ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർക്കു നേരേ രോഗിക്കൊപ്പം വന്നവരുടെ അസഭ്യവർഷവും കൈയേറ്റ ശ്രമവും. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ അഞ്ചിന് രാത്രിയിലാണ് സംഭവം.
കഴിഞ്ഞ അഞ്ചിനു വൈകുന്നേരം അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കൊണ്ടുവന്ന രോഗിയെ പ്രാഥമിക ചികിത്സ നൽകി റഫർ ചെയ്ത ശേഷമാണ് ഡോക്ടർക്കു നേരെ കൈയേറ്റ ശ്രമമുണ്ടായത്. എന്നാൽ രോഗിയെ കൊണ്ടുപോകാൻ 108 ആംബുലൻസ് ലഭിക്കാത്തതിനാൽ ഒപ്പം ഉണ്ടായിരുന്നവർ ഡോക്ടറോട് ആക്രോശിക്കുകയും കൈയേറ്റശ്രമം നടത്തുകയും ചെയ്തതെന്നാണ് പരാതി.
അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലായിരുന്ന ഡോ. അഖിലയ്ക്കുനേരേയാണ് കൈയേറ്റശ്രമമുണ്ടായത്.
കെജിഎംഒഎ പ്രതിഷേധിച്ചു
അടൂർ ജനറൽ ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ കൈയേറ്റശ്രമം നടത്തിയതിൽ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. തിരക്കിനിടയിലും തന്റെ ഡ്യൂട്ടി കൃത്യമായി നിർവഹിച്ച ഒരു വനിതാ ഡോക്ടർക്കെതിരേ ആക്രമണം ഉണ്ടാകുകയായിരുന്നു. സംഭവത്തിൽ സംഘടന പോലീസിൽ പരാതി നൽകി.
ആശുപത്രി സംരക്ഷണ നിയമപ്രകാരം കുറ്റം ചെയ്തവർക്കെതിരേ എത്രയും വേഗം നടപടിയെടുക്കണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു.