ജനറല്‍ ആശുപത്രി ഒപി രജിസ്ട്രേഷന് ബ്ലോക്ക് ഉദ്ഘാടനം നാലിന്
1396675
Friday, March 1, 2024 7:06 AM IST
ചങ്ങനാശേരി: ജനറല്‍ ആശുപത്രിയിലെ പുതിയ ഒപി രജിസ്ട്രേഷന് ബ്ലോക്കി ന്റെയും ഒപി കമ്പ്യൂട്ടര്‍ വത്കരിക്കുന്നതിന്റെയും ഉദ്ഘാടനം നാലിന് രാവിലെ 10ന് നടത്താന്‍ ആശുപത്രി വികസന സമിതി യോഗത്തില്‍ തീരുമാനിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും.
നാഷണല്‍ ഹെല്‍ത്ത് മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഒപി ബ്ലോക്ക് പൂര്‍ത്തിയാക്കിയത്. ആശുപത്രി ആധുനികവത്കരണത്തിന്റെയും ഡിജിറ്റല്‍ വത്കരണത്തിന്റെ ഭാഗമായാണ് കമ്പ്യൂട്ടര്‍വത്കരണം നടക്കുന്നത്. പദ്ധതി ഉദ്ഘാടനം ചെയ്യുന്നതോടെ രോഗികള്‍ക്ക് ഒപി ചീട്ടുകള്‍ കമ്പ്യൂട്ടറിലൂടെ ലഭ്യമാകും.
ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റില്‍നിന്നു പുറത്തേക്ക് ഓക്സിജന്‍ സിലി ണ്ടര്‍ വില്പന ചെയ്യുന്നതിനെക്കുറിച്ച് യോഗം ചര്‍ച്ചചെയ്തു. ഇതിനായി കംപ്രസര്‍, സിലിണ്ടറുകള്‍, ഓക്സിജന്‍ പ്ലാന്റ് ടെക്നീഷന്‍, ഡ്രൈവര്‍ തുടങ്ങിയവയും അടിസ്ഥാനമായി ഒരുക്കണം. ലക്ഷക്കണക്കിനു രൂപ മുടക്കേണ്ടി വരുന്നതിനാല്‍ ഓക്സിജന്‍ വിതരണം സ്വകാര്യകമ്പനികളെ ഏല്പിച്ച് ആശുപത്രിക്ക് വരുമാനസാധ്യതയെക്കുറിച്ച് പഠിക്കാനും യോഗത്തില്‍ തീരുമാനമായി.
അറ്റകുറ്റപ്പണികള്‍ ഉടനെ: ചെയര്‍പേഴ്സണ്‍
മെയിന്റനന്‍സ് വര്‍ക്കുകളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായും ഉടനെ നിര്‍മാണജോലികള്‍ ആരംഭിക്കുമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ബീന ജോബി പറഞ്ഞു. വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എല്‍സമ്മ ജോബ്, സൂപ്രണ്ട് ഡോ. ഉമാദേവി, ആര്‍എംഒ ഡോ. കൃഷ്ണകുമാര്‍, അംഗങ്ങളായ പി.എച്ച്. നാസര്‍, ലിനു ജോബ്, സാബു കോയിപ്പള്ളി, കെ.ടി. തോമസ്, ബെന്നി സി. ചീരംചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആശുപത്രിയില്‍ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സജ്ജമാകുന്നു
ആശുപത്രിയിലെ ശുചിമുറി മാലിന്യം സംസ്കരിക്കുന്ന സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മാണം പുരോഗമിക്കുകയാണന്ന് ജോബ് മൈക്കിള്‍ എംഎല്‍എ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ 1.45 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാകുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ആശുപത്രിയിലെ മാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി.
കെഎസ്ആര്‍ടിസി ജംഗ്ഷനില്‍നിന്നും ജനറല്‍ ആശുപത്രിയിലേക്കുള്ള റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിന് 50 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളതായും ആശുപത്രി പുതിയ കെട്ടിടസമുച്ചയം നിര്‍മിക്കുന്നതിനായി കിഫ്ബി പ്രതിനിധികളുമായി അടുത്തയാഴ്ച യോഗം ചേരുമെന്നും എംഎല്‍എ പറഞ്ഞു.
ആധുനിക ഡെര്‍മറ്റോളജി വിഭാഗം തുറന്നു
ഡെര്‍മറ്റോളജി വിഭാഗത്തിന് ലഭിച്ച പുതിയ ലേസര്‍ മെഷീനിന്റെ ഉദ്ഘാടനവും ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിച്ചു. ഹോര്‍മോണ്‍ വ്യതിയാനം മൂലമുള്ള അമിത രോമവളര്‍ച്ച, ത്വക്കിലെ പാടുകള്‍ തുടങ്ങിയവ പരിഹരിക്കുന്നതിനാണ് മെഷീൻ ഉപയോഗിക്കുന്നത്. ജില്ലയില്‍ ആദ്യമായി ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലാണ് ഈ വിഭാഗം ആരംഭിക്കുന്നത്.
ആശുപത്രിയുടെ അന്തസിന് കളങ്കമായ കാര്യങ്ങള്‍ സംഭവിക്കരുതെന്ന് എച്ച്എംസി അംഗങ്ങള്‍
കഴിഞ്ഞ കുറെക്കാലങ്ങളായി ജനറല്‍ ആശുപത്രിയുടെ അന്തസിനു വിഘാതമാകുന്ന ചില കാര്യങ്ങള്‍ സംഭവിക്കുന്നതായും പട്ടികവര്‍ഗ കമ്മീഷന് ആശുപത്രിയില്‍ അന്വേഷണത്തിനു വന്നത് ജനറല്‍ ആശുപത്രിയുടെ ചരിത്രത്തിലെ ആദ്യസംഭവമാണന്നും വികസനസമിതിയംഗം പി.എന്‍. നൗഷാദ് പറഞ്ഞു.
ആശുപത്രിയില്‍ ചുമതലയിലില്ലാത്തതും പുറത്ത് പ്രാക്ടീസ് ചെയ്യുന്നതുമായ ചില ഡോക്ടര്‍മാര്‍ തങ്ങളുടെ ചില രോഗികളെ ജനറല്‍ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തുന്നുണ്ടെന്ന ഗുരുതരമായ ആരോപണം മുഹമ്മദ് സിയ ഉന്നയിച്ചു. ആശുപ്രതിയിലെ ശുചിമുറികളിലെ ടൈലുകളും ക്ലോസറ്റുകളും പൊട്ടിത്തകര്‍ന്ന് ഉപയോഗയോഗ്യമല്ലാത്ത അവസ്ഥയിലാണെന്ന് ജയിംസ് കാലാവടക്കന്‍ അഭിപ്രായപ്പെട്ടു.
ആശുപത്രിയില്‍ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ സത്വരമായി പരിഹരിച്ചില്ലെങ്കില്‍ ആശുപത്രിയെ ബാധിക്കുമെന്ന് ലാലിച്ചന്‍ കുന്നിപ്പറമ്പിലും ഡോക്ടര്‍മാര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചചെയ്തു പരിഹരിക്കണമെന്ന് ജോസുകുട്ടി നെടുമുടിയും പറഞ്ഞു.