കുറവിലങ്ങാട് ദേവമാതാ കോളജിലും ഗേൾസ് ഹൈസ്കൂളിലും മോഷണം
1396990
Sunday, March 3, 2024 4:51 AM IST
കുറവിലങ്ങാട്: ദേവമാതാ കോളജിലും സമീപത്തുള്ള സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലും മോഷണം. വെള്ളിയാഴ്ച അർധരാത്രിയിലാണ് മോഷണം. മോഷണദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും മോഷ്ടാവിനെ സംബന്ധിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. മുഖവും ശരീരവും പൂർണമായും മറച്ചാണ് മോഷ്ടാവ് എത്തിയതും മടങ്ങുന്നതും.
കോളജിൽ വെള്ളിയാഴ്ച അർധരാത്രി കഴിഞ്ഞാണ് മോഷ്ടാവ് എത്തിയതെന്ന് കാമറാദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. കോളജിന്റെ മുൻഭാഗത്തെ ഒരു ഡിപ്പാർട്ട്മെന്റിന്റെ പൂട്ട് തകർത്ത് അകത്തുകയറിയ മോഷ്ടാവ് മേശയ്ക്കുള്ളിൽനിന്ന് 2,200 രൂപ മോഷ്ടിച്ചു. മേശ തുറന്ന് വലിച്ചുവാരിയിട്ട നിലയിലാണ്. താഴത്തെ നിലയിൽ തന്നെയുള്ള വിവിധ ഓഫീസുകളുടെ പൂട്ട് തകർക്കാൻ ശ്രമം നടത്തിയതും കാമറാദൃശ്യങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ മുറിയുടെ പൂട്ട് തകർത്ത് അകത്തുകയറി എല്ലാം വലിച്ചുവാരിയിട്ട നിലയിലാണ്.
മോഷണം സംബന്ധിച്ച് പോലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ചതായും വിരലടയാള വിദഗ്ധരെയും ഡോഗ് സ്ക്വാഡിനെയും സ്ഥലത്തെത്തിക്കുമെന്നും പോലീസ് അറിയിച്ചു.