ബാംഗളൂർ-എറണാകുളം ഇന്റർസിറ്റി കോട്ടയത്തേക്ക് നീട്ടണമെന്ന് യാത്രക്കാർ
1415999
Friday, April 12, 2024 6:43 AM IST
ഏറ്റുമാനൂർ: കോട്ടയത്തേക്കുള്ള യാത്രാക്ലേശത്തിന് പരിഹാരം കാണാൻ 12677 / 78 -എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് കോട്ടയത്തേക്കു നീട്ടണമെന്ന് യാത്രക്കാർ. ഈ ആവശ്യം ഉന്നയിച്ച് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് റെയിൽവേ ഡിവിഷണൽ മാനേജർക്ക് നിവേദനം നൽകി.
നിലവിൽ പാലരുവി കഴിഞ്ഞാൽ എറണാകുളം ഭാഗത്തേക്ക് ഒന്നരമണിക്കൂർ ഇടവേളയിൽ ട്രെയിനുകളില്ല. പുലർച്ചെ എറണാകുളം ഭാഗത്തേക്കുള്ള പാലരുവി, വേണാട് എക്സ്പ്രസുകളിൽ വലിയ തിരക്കാണ്. കോട്ടയത്തിനു മുമ്പേ തന്നെ നിറയെ യാത്രക്കാരാകും. കോട്ടയത്തും ഏറ്റുമാനൂരിലുമൊന്നും യാത്രക്കാർക്ക് കോച്ചുകളിൽ കയറിപ്പറ്റാൻ പോലുമാകുന്നില്ല.
തിങ്ങിനിറഞ്ഞ കമ്പാർട്ട്മെന്റുകളിൽ ശ്വാസം കിട്ടാതെ ആളുകൾ കുഴഞ്ഞുവീഴുന്ന സംഭവങ്ങളും പതിവാണ്. വന്ദേഭാരതിനുശേഷം 7.45ന് കോട്ടയത്തുനിന്ന് പുറപ്പെടുന്ന വിധം ബാംഗ്ലൂർ ഇന്റർസിറ്റിയുടെ സർവീസ് ക്രമീകരിച്ചാൽ എറണാകുളം മുതൽ മാറ്റങ്ങൾ ഒന്നുമില്ലാതെ സർവീസ് തുടരാവുന്നതാണ്.
വൈകുന്നേരം 4.40ന് എറണാകുളം ടൗണിൽ എത്തുന്ന ഇന്റർസിറ്റിക്കും ബുദ്ധിമുട്ടില്ലാതെ കോട്ടയത്തേക്ക് എത്താം. ഇതോടെ ഇരുദിശയിലേക്കും വേണാട് എക്സ്പ്രസിലെ തിരക്കിന് പരിഹാരമാകുന്നതാണ്.
ഇന്റർസിറ്റി എക്സ്പ്രസിൽ എറണാകുളത്തുനിന്ന് ബാംഗ്ലൂരിലേക്കു യാത്രചെയ്യുന്ന യാത്രക്കാരിൽ ഏറെയും കോട്ടയത്തുനിന്നുള്ളവരാണ്. ഇന്റർസിറ്റി കോട്ടയത്തേക്കു നീട്ടിയാൽ ഇവർക്കും സൗകര്യമാകും.