എഴുമാന്തുരുത്ത്, മുണ്ടാര്‍ മേഖലയില്‍ വിനോദസഞ്ചാരികളുടെ തിരക്കേറുന്നു
1416007
Friday, April 12, 2024 6:59 AM IST
കടുത്തുരുത്തി: വേനല്‍ കടുത്തതോടെ ജലഗതാഗതത്തിലൂടെയുള്ള വിനോദ സഞ്ചാരത്തിനായി എഴുമാന്തുരുത്ത്, മുണ്ടാര്‍ മേഖലയില്‍ എത്തുന്നവരുടെ തിരക്കേറുന്നു. എഴുമാംകായലിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ നിരവധിയാളുകളാണ് ഇവിടെ ബോട്ട്, വള്ളം സവാരികള്ക്കായെത്തുന്നത്.
പടിഞ്ഞാറന്‍ പ്രദേശങ്ങളായ എഴുമാന്തുരുത്തിലേക്കും മുണ്ടാറിലേക്കുമെല്ലാം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി വിനോദസഞ്ചാര വകുപ്പ് നടത്തിവന്ന ശ്രമങ്ങളുടെ ഭാഗമായി ഇവിടെ ബോട്ടുജെട്ടികള്‍ നിര്‍മിച്ചിരുന്നു.
കായല്‍ പരപ്പിലൂടെ ബോട്ടില്‍ സഞ്ചരിച്ചു ഉള്‍നാടന്‍ ഗ്രാമീണ സൗന്ദര്യം നുകരുവാന്‍ കഴിയുന്ന അതിമനോഹരമായ പദ്ധതിയാണ് പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ ജലസമ്പത്ത് പ്രയോജനപ്പെടുത്തി നടപ്പാക്കിയിരിക്കുന്നത്.
സ്കൂളുകള്‍ അടച്ചതും നീണ്ട അവധിക്കാലമായതും രൂക്ഷമായ വേനലിന്റെ കാഠിന്യവുമാണ് ജലഗതാഗതത്തിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നത്. അവധിക്കാലം തുടങ്ങിയതോടെ ഗ്രാമീണഭംഗി ആസ്വദിക്കാനായി ഇവിടേക്കെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
പ്രദേശത്തേക്കു സ്വദേശികളും വിദേശികളുമായ ധാരാളം ടൂറിസ്റ്റുകളാണ് ദിവസവും എത്തുന്നത്. തോണി യാത്രയും ബോട്ട് സവാരിയും വിവിധങ്ങളായ ഗ്രാമീണ കാഴ്ചകളും സ്വാദിഷ്ടമായ ഭക്ഷണ വൈവിധ്യങ്ങളും ഒരുക്കി ഉത്തരവാദിത്വം ടൂറിസം ക്ലബ്ബാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കോട്ടയം ജില്ലയിലെ ഗ്രാമങ്ങളാണ് കടുത്തുരുത്തി പഞ്ചായത്തിലെ പടിഞ്ഞാറന്‍ മേഖലയായ എഴുമാന്തുരുത്തും, കല്ലറ പഞ്ചായത്തിലെ മുണ്ടാറും. കരിയാറിലൂടെ ശിക്കാര വള്ളങ്ങളില്‍ യാത്രചെയ്തു ഗ്രാമീണഭംഗി ആസ്വദിക്കുന്നതിന് സഞ്ചാരികളുടെ തിരക്കേറിയതോടെ കൂടുതല്‍ ക്രമീകരണങ്ങളാണ് ടൂറിസം ക്ലബ്ബുകാര് ഇവിടെ ഒരുക്കിയിട്ടുള്ളത്.
ഗ്രാമീണ ജീവിതരീതികളെ നേരനുഭവമാക്കി യാത്ര ചെയ്യാമെന്നതാണ് ഇവിടുത്തെ പ്രത്യേകത. കാര്‍ഷിക, മത്സ്യബന്ധന രീതികള്‍, പാരമ്പര്യ കുലത്തൊഴിലുകളായ കള്ളുചെത്ത്, തഴപ്പായ നെയ്ത്ത്, കാര്‍ഷിക ഉപകരണങ്ങളും ഗാര്‍ഹിക ആയുധങ്ങളും നിര്‍മിക്കുന്ന ആലകള്‍ എന്നിവ പരിചയപ്പെടുന്നതിനുള്ള അവസരവുമുണ്ട്. കാവുകളും ക്ഷേത്രങ്ങളും കാണാനും അതുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങള്‍ മനസിലാക്കാനും യാത്രികര്‍ക്ക് കഴിയും.
വളരെ കുറഞ്ഞചെലവില്‍ കുടുംബാംഗങ്ങളോടൊപ്പം കുടുംബശ്രീ, ആര്‍ടി സ്ട്രീറ്റ് ഫുഡ് യൂണിറ്റുകള്‍ എന്നിവര്‍ ഒരുക്കുന്ന സ്വാദിഷ്ടമായ നാടന്‍ ഭക്ഷണം കഴിക്കാനുള്ള സൗകര്യവും സഞ്ചാരികള്‍ക്ക് ഉറപ്പാക്കിയിട്ടുണ്ട്. ദേശാടനപ്പക്ഷികളെയും കണ്ടല്‍ക്കാടുകളെയും കണ്ടറിഞ്ഞ് കരയാറിലൂടെയുള്ള യാത്ര മനോഹരമാണെന്നാണ് വിദേശികളടക്കമുള്ള സഞ്ചാരികള്‍ പറയുന്നത്. സഞ്ചാരികള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാനുള്ള ക്രമീകരണങ്ങളെല്ലാമൊരുക്കിയിട്ടുണ്ട്.