മദ്യം നല്‍കിയശേഷം ആസിഡ് ഒഴിച്ചതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
1418155
Monday, April 22, 2024 11:35 PM IST
പള്ളിക്കത്തോട്: പൊന്തന്‍പുഴ വനത്തിലെത്തിച്ച് മദ്യം നല്‍കിയശേഷം ആസിഡ് ഒഴിച്ചതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആനിക്കാട് മുക്കാലി പാണാമ്പടം വീട്ടില്‍ പി.കെ. സുമിത്ത് (30) ആണ് മരിച്ചത്. ഏപ്രില്‍ 13ന് ഉണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സുമിത്ത് കോട്ടയം മെഡിക്കല്‍ കോളജിൽ ചികിത്സയിലായിരുന്നു.
ഞായറാഴ്ച രാത്രി 11.30ഓടു കൂടിയാണ് മരണം സംഭവിച്ചത്. കേസില്‍ അറസ്റ്റിലായ ഇടുക്കി അയ്യപ്പന്‍കോവില്‍ പരപ്പ് ഭാഗത്ത്, വെട്ടുകുഴിയില്‍ വീട്ടില്‍ സാബു ദേവസ്യ (40), കൊടുങ്ങൂര്‍ പാണപുഴ ഭാഗത്ത് പടന്നമാക്കല്‍ വീട്ടില്‍ ജി. പ്രസീദ് (രാജു - 52) എന്നിവര്‍ നിലവില്‍ റിമാന്‍ഡിലാണ്. മൂന്നു മാസം മുന്‍പാണ് വാഴൂര്‍ ആനിക്കാട് കൊമ്പാറ സ്വദേശി സുമിത്തും കുടുംബവും മുക്കാലിയില്‍ താമസത്തിനെത്തിയത്. പ്രതികളില്‍ ഒരാളായ സാബുവിന്റെ പേരിലെടുത്ത വാടകവീട്ടിലാണ് സുമിത്തും കുടുംബവും താമസിക്കുന്നത്.
സാബു ദേവസ്യ സുമിത്തിനെ തന്റെ സ്കൂട്ടറില്‍ കയറ്റി മണിമല ബസ് സ്റ്റാന്‍ഡില്‍ എത്തിച്ചതിനു ശേഷം, ഇവിടെനിന്നു ബസില്‍ കയറി പൊന്തമ്പുഴ വനത്തില്‍ ആളില്ലാത്ത ഭാഗത്ത് എത്തിച്ച് അവിടെയുണ്ടായിരുന്ന പ്രസീദും ഇയാളും ചേര്‍ന്ന് യുവാവിന് മദ്യം നല്‍കുകയായിരുന്നു.
ശേഷം കയ്യില്‍ കരുതിയിരുന്ന ആസിഡ് ഒഴിച്ച് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. ആക്രമണത്തില്‍ സുമിത്തിന് മുഖത്തിനും കഴുത്തിനും ശരീരത്തും സാരമായി പരിക്കേറ്റിയിരുന്നു. സാബുവിന് സുമിത്തിനോടുള്ള മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. മുന്‍പും ഇതേരീതിയില്‍ സുമിത്തിനെ അപായപ്പെടുത്താന്‍ പ്രതികള്‍ ശ്രമിച്ചിരുന്നു.
സുമിത്തിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോലീസ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്കാരം മുട്ടമ്പലം വൈദ്യുതി ശമ്ശാനത്തില് നടക്കും. സുമിത്തിന്റെ ഭാര്യ സൂര്യ. മക്കള്‍: അരുശിര, ആരാധിക.