പാലാ കെഎസ്ഇബിയില്‍ സ്കൈ ലിഫ്റ്റ് സംവിധാനം
1423625
Sunday, May 19, 2024 11:04 PM IST
പാലാ: കെഎസ്ഇബി ജീവനക്കാര്‍ക്ക് സഹായമായി പാലായിലെ കെഎസ്ഇബി ഡിവിഷന് ഓഫീസില്‍ പോസ്റ്റില്‍ കയറാനുള്ള അത്യാധുനിക ഉപകരണമായ സ്കൈ ലിഫ്റ്റ് ലഭിച്ചു. ഡിവിഷന് ഓഫീസിന്റെ കീഴിലുള്ള 11 കെഎസ്ഇബി ഓഫീസിലും ലിഫ്റ്റിന്റെ സഹായം ലഭിക്കും. ഓഫീസ് പരിധിയില്‍ നഗരത്തിലും ഉള്‍പ്രദേശങ്ങളിലും ഇത് ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്താം.
മിനി വാനില്‍ ഘടിപ്പിച്ച യന്ത്രത്തിന്റെ ക്യാബിനില്‍ ജീവനക്കാരന് കയറിയാല്‍ ആവശ്യാനുസരണം ഉയര്‍ത്തിയും താഴ്ത്തിയും ലൈനിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും. മഴയിലും വെയിലിലും പോസ്റ്റിന്റെ മുകളില്‍ കയറി വളരെ വേഗത്തില്‍ തകരാറുകള്‍ പരിഹരിക്കേണ്ട ജോലി ഏറെ അപകടം നിറഞ്ഞതാണ്. ലിഫ്റ്റ് എത്തിയതോടെ എളുപ്പത്തിലും സുരക്ഷിതമായും ജോലി ചെയ്യാന്‍ കഴിയും.
ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ഒരു ഓപ്പറേറ്ററുമുണ്ട്. സാധാരണ ഉയരം കൂടിയ ഇരുമ്പ് ഗോവണിയും മറ്റു ഉപയോഗിച്ചാണ് പണി നടത്തിയിരുന്നത്. വൈദ്യുതി ലൈനുകള്‍ തമ്മില്‍ കൂട്ടിമുട്ടി അപകടം ഒഴിവാക്കാന്‍ സ്പേസര്‍ സ്ഥാപിക്കാനും സ്കൈ ലിഫ്റ്റ് ഉപയോഗിക്കാം. ലിഫ്റ്റ് ഹൈഡ്രോളിക് പമ്പ് ഉപയോഗിച്ച് തിരിക്കാനും ചലിപ്പിക്കാനും സാധിക്കും.
ലിഫ്റ്റ് എത്തിയതോടെ സുരക്ഷിതമായി ജോലി ചെയ്യാന്‍ കഴിയുമെന്ന് ആശ്വാസത്തിലാണ് പാലായിലെ കെഎസ്ഇബി ജീവനക്കാര്‍.