അറിവിനൊപ്പം സംസ്കാരവും ചേരുമ്പോഴാണ് വിദ്യാഭ്യാസം പൂര്‍ണമാകുന്നത്: ഡോ. എന്‍. ജയരാജ്
1424660
Friday, May 24, 2024 10:03 PM IST
കാഞ്ഞിരപ്പള്ളി: അറിവിനൊപ്പം സംസ്കാരവും ചേരുമ്പോഴാണ് വിദ്യാഭ്യാസം പൂര്‍ണമാകുന്നതെന്ന് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജില്‍നിന്ന് എംകോം പരീക്ഷയില്‍ റാങ്കുകള്‍ കരസ്ഥമാക്കിയ വിദ്യാർഥിളെ അനുമോദിച്ച് പ്രസംഗിക്കുകയായിരുന്നു ചീഫ് വിപ്പ്. വിദ്യാഭ്യാസ രംഗത്തെ ക്രാന്തദര്ശിയായിരുന്ന റവ.ഡോ. ആന്റണി നിരപ്പേലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കോളജ് കഴിഞ്ഞ 33 വര്‍ഷങ്ങളായി സാധാരണക്കാരുടെ വിദ്യാഭ്യാസ ഉന്നമനം മാത്രം ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് കോളജ് ഡയറക്ടര്‍ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയെയും അദ്ദേഹം ആദരിച്ചു. ഹയര്‍ സെക്കൻഡറി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികള്‍ക്കുള്ള അവാര്‍ഡുകള്‍ യോഗത്തില്‍ വിതരണം ചെയ്തു.
കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ ചെയര്മാന് ജോര്‍ജുകുട്ടി ആഗസ്തി മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ എ.ആര്. മധുസൂദനന്, വൈസ് പ്രിന്‍സിപ്പല്‍ ടിജോമോന്‍ ജേക്കബ്, പിആര്‍ഒ ജോസ് ആന്റണി, അനില അനിയന്, ലൂസിയാമ്മ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനാനന്തരം കോളജ് വിദ്യാർഥികള്‍ ഫാഷന്‍ ഷോയും അവതരിപ്പിച്ചു.