കാൽ നൂറ്റാണ്ടിലധികം ബാങ്ക് പ്രസിഡന്റ്; അഭിമാനപൂർവം സ്ഥാനമൊഴിഞ്ഞ് കെ. ഗോപകുമാർ
1438524
Tuesday, July 23, 2024 10:49 PM IST
പള്ളിക്കത്തോട്: കാൽ നൂറ്റാണ്ടിലധികം ആനിക്കാട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച നാട്ടുകാരുടെ പ്രിയങ്കരനായ ഗോപകുമാർ സാർ എന്ന കെ. ഗോപകുമാർ സ്ഥാന മൊഴിഞ്ഞു. 1999 മുതൽ 2024 വരെ തുടർച്ചയായ 25 വർഷവും 1984-87 കാലഘട്ടത്തിൽ മൂന്നുവർഷവും ഉൾപ്പടെ 28 വർഷം തുടർച്ചയായി പ്രസിഡന്റായി സേവനമനുഷ്ടിച്ചു.
തുടർച്ചയായി മൂന്ന് തവണയിലധികം ഭരണസമതിയംഗമാവരുത് എന്ന സഹകരണ നിയമ ഭേദഗതി വന്നതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ സ്ഥാനമൊഴിഞ്ഞത്.
1979ൽ യുഡിഎഫ് പാനലിൽ മത്സരിച്ച് ആദ്യമായി ഭരണ സമതിയംഗമായി. 1984-87ൽ വീണ്ടും യുഡിഎഫ് പാനലിൽ മത്സരിച്ച് ആദ്യമായി ബാങ്ക് പ്രസിഡന്റായി. പള്ളിക്കത്തോട് പഞ്ചായത്ത് ഭരണ സമിതിയംഗമായതിനാൽ പിന്നീട് ബാങ്ക് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായില്ല. 1999-2004 ഘട്ടത്തിൽ യുഡിഎഫ് പാനലിൽ മത്സരിച്ച് വീണ്ടും പ്രസിഡന്റായി. തുടർന്ന് 2004 മുതൽ 2024 വരെ തുടർച്ചയായി എൽഡിഎഫ് പാനലിന് നേതൃത്വം നൽകി വിജയിച്ച് പ്രസിഡന്റായി. പുതിയ ഭരണ സമിതിക്ക് ഇക്കഴിഞ്ഞ 20ന് അധികാരം കൈമാറി. 1997ൽ അധ്യാപക ജോലിയിൽ നിന്ന് വിരമിച്ച ശേഷമാണ് ഗോപകുമാർ സഹകരണ മേഖലയിൽ കൂടുതൽ സജീവമായത്.