വൈക്കത്തെ അനധികൃത വഴിയോര കച്ചവടക്കാരെ 21ന് ഒഴിപ്പിക്കും
1444062
Sunday, August 11, 2024 7:27 AM IST
വൈക്കം: നഗരസഭാ പരിധിയിൽ അനധികൃതമായി വഴിയോര കച്ചവടം നടത്തുന്നവരെ 21ന് ഒഴിപ്പിക്കും. കച്ചവടം നടത്തുന്നവർ ഗതാഗതക്കുരുക്കിനു കാരണമാകുന്നെന്ന പരാതിയെ ത്തുടർന്നാണ് നഗരസഭ നടപടിക്ക് മുതിർന്നത്.
തൊഴിലാളി യൂണിയനുകൾ പ്രതിഷേധവുമായെത്തിയതോടെ നഗരസഭാ തൊഴിലാളി നേതാക്കളെക്കൂടി ഉൾപ്പെടുത്തി സബ് കമ്മിറ്റിയെ നിയോഗിച്ചു. വൈക്കം വൈപ്പിൻപടിക്ക് സമീപവും നഗരസഭ ലിങ്ക് റോഡ്, തോട്ടുവക്കം തുടങ്ങിയ സ്ഥലങ്ങളിലാണ് അനധികൃത വഴിയോര കച്ചവടങ്ങൾ ഏറെയും.
നഗരസഭ വഴിയോര കച്ചവടത്തിനു 66 പേർക്കാണ് അനുമതി നൽകിയിരിക്കുന്നത്. വഴിയോര വ്യാപാരങ്ങളിൽ കൂടുതലും മത്സ്യവ്യാപാരമാണെന്നും കോവിലകത്തുംകടവ് മത്സ്യ മാർക്കറ്റിലും തോട്ടുവക്കത്തെ ശ്രീമൂലം മാർക്കറ്റിലും മാത്രമേ മത്സ്യവ്യാപാരം അനുവദിക്കൂവെന്നൂം നഗരസഭാ ചെയർപേഴ്സൺ പ്രീത രാജേഷ് പറഞ്ഞു.
വൈക്കം വൈപ്പിൻപടിയിൽ ബിവറേജ് ഷോപ്പിനു സമീപം വഴിയോര കച്ചവടത്തെത്തുടർന്ന് കഴിഞ്ഞദിവസം മന്ത്രിയുടെ വാഹനം പോലും ഏതാനും മിനിട്ട് ഗതാഗതക്കുരുക്കിലകപ്പെട്ടത് ചർച്ചയായതോടെയാണ് നഗരസഭ അനധികൃത വഴിയോര കച്ചവടത്തിനെതിരേ നടപടി ശക്തമാക്കാൻ തീരുമാനിച്ചത്.
വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കണം: എഐടിയുസി
വൈക്കം: നഗരത്തിലെ വഴിയോര കച്ചവടക്കാരെ തിരക്കേറിയ സ്ഥലങ്ങളില്‍നിന്ന് നീക്കി മറ്റിടങ്ങളിൽ വില്പനയ്ക്കുള്ള സൗകര്യങ്ങള്‍ നഗരസഭ ഒരുക്കി നൽകണമെന്ന് എഐടിയുസി ആവശ്യപ്പെട്ടു.
കോവിഡും പ്രളയവുമെല്ലാം തകർത്ത, കടുത്ത സാമ്പത്തിക പ്രയാസവും തൊഴില്‍ നഷ്ടവും അനുഭവിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ് വഴിയോര കച്ചവടക്കാരില്‍ ഏറെയും.
പി. സുഗതന് അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. വി.കെ. സന്തോഷ് കുമാര്‍, ആര്. സുശീലന്, ഡി. രഞ്ജിത് കുമാര്‍, കെ. അജിത്ത്, എം.ഡി. ബാബുരാജ് തുടങ്ങിയവർ പ്രസംഗിച്ചു.