ഫിറ്റ്നസ് നഷ്ടപ്പെട്ട സ്കൂൾ കെട്ടിടം വിദ്യാർഥികളുടെ ജീവന് ഭീഷണിയാകുന്നു
1576918
Friday, July 18, 2025 11:34 PM IST
കാഞ്ഞിരപ്പള്ളി: കപ്പാട് ഗവ. ഹൈസ്കൂളിലെ ഫിറ്റ്നസ് നഷ്ടപ്പെട്ട കെട്ടിടം വിദ്യാർഥികളുടെ ജീവന് ഭീഷണിയാകുന്നു. കെട്ടിടം പൊളിച്ചുമാറ്റാൻ ഇതുവരെ നടപടിയില്ല. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ ഒരു ഭാഗത്തെ മേൽക്കൂര അടക്കം തകർന്ന നിലയിലാണ് ഇപ്പോൾ.
മുന്പ് എൽപി വിഭാഗം പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ഫിറ്റ്നസ് നഷ്ടപ്പെട്ട് അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ അധ്യയന വർഷാരംഭത്തിൽ ഇതിന് ഫിറ്റ്നസ് ലഭിച്ചിരുന്നെങ്കിലും ജൂലൈ ആദ്യവാരമുണ്ടായ മഴയിൽ മേൽക്കൂരയുടെ ഒരു ഭാഗം നിലംപൊത്തുകയായിരുന്നു. ഇതോടെ ഫിറ്റ്നസ് നഷ്ടമായ കെട്ടിടം പൊളിച്ചുനീക്കാൻ തീരുമാനിച്ചു. തുടർ നടപടികൾക്കായി സ്കൂൾ അധികൃതർ പലതവണ ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് അധികാരികൾക്ക് കത്ത് നൽകിയെങ്കിലും നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.
കെട്ടിടത്തിന് വിലയിട്ട് നൽകാത്താതാണ് പൊളിക്കൽ നടപടികൾ വൈകാൻ കാരണമെന്നാണ് ആക്ഷേപം. ഏതു നിമിഷവും നിലംപൊത്താവുന്ന കെട്ടിടം സ്കൂളിലെ വിദ്യാർഥികളുടെ ജീവനുതന്നെ ഭീഷണിയാകുന്ന സ്ഥിതിയാണ്. കുട്ടികൾ കൈ കഴുകാനായി എത്തുന്ന വാഷ്ബേസിനടക്കം ഉള്ളത് ഈ കെട്ടിടത്തിലാണ്. കൂടാതെ ഇടവേളകളെല്ലാം കുട്ടികൾ ചെലവഴിക്കുന്നതും അപകടാവസ്ഥയിലായ ഈ കെട്ടിടത്തിന് സമീപമാണ്.
2019ൽ പണികഴിപ്പിച്ച പുതിയ കെട്ടിടവും ഇതിനോടു ചേർന്നാണ് സ്ഥിതിചെയ്യുന്നത്. 50 വർഷത്തിലേറെ പഴക്കമുള്ള മറ്റൊരു കെട്ടിടം കൂടി ഈ സ്കൂളിലുണ്ട്. ജില്ലാ പഞ്ചായത്തിൽ നിന്നനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ച് ഇതിന്റെ മേൽക്കൂരയിലെ ഓടുകൾ മാറ്റി ഷീറ്റുകൾ മേയുന്ന ജോലികൾ നടന്നുവരുന്നുണ്ട്. എന്നാൽ, ഈ കെട്ടിടത്തിലെ തകരാറിലായ വയറിംഗ് മാറ്റി സ്ഥാപിക്കാനോ സീലിംഗ് ചെയ്യാനോ ഫണ്ടനുവദിക്കാത്ത സ്ഥിതിയാണ്. പ്രീ പ്രൈമറി മുതൽ ഹൈസ്കൂൾ വിഭാഗങ്ങളിൽ വരെയായി 198 വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്.