ആവേശത്തോടെ ജനാവലി രാഹുല്‍ ഗാന്ധിയെ വരവേറ്റു
1576962
Friday, July 18, 2025 11:56 PM IST
ഉമ്മൻ ചാണ്ടിയുടെ സ്മരണയിൽ പുതുപ്പള്ളി ജനസാഗരമായി
കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയതറവാടായിരുന്ന പുതുപ്പള്ളി ഒരിക്കല്‍ക്കൂടി ജനസാഗരമായി. കാരുണ്യത്തിന്റെ ആള്‍രൂപമായി മാറിയ, ജനസമ്പര്‍ക്ക പരിപാടിയിലൂടെ പതിനായിരങ്ങളുടെ കണ്ണീരൊപ്പിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷിക ദിനമായിരുന്ന ഇന്നലെ രാവിലെ മുതല്‍ പുതുപ്പള്ളി ജ്വലിക്കുന്ന ഓര്‍മകള്‍ അയവിറക്കുന്ന ജനസമ്പര്‍ക്ക സദസായി മാറി.
‘ഇല്ലായില്ല മരിച്ചിട്ടില്ല, ഉമ്മന്‍ ചാണ്ടി മരിച്ചിട്ടില്ല’’ എന്ന വൈകാരിക മുദ്രാവാക്യവുമായി അനേകായിരങ്ങള്‍ സമ്മേളനവേദിയിലേക്ക് ഒഴുകിയെത്തി. ആരാധ്യനേതാവ് അന്ത്യവിശ്രമം കൊള്ളുന്ന സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയി ലെ കബറിടത്തില്‍ പുലര്‍ച്ചെ മുതല്‍ പുഷ്പചക്രങ്ങള്‍ നിറഞ്ഞു. അണമുറിയാതെ ജനാവലിയുടെ ആദരമർപ്പിക്കൽ ഇന്നലെ രാത്രിയോളം നീണ്ടു.
ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി രാവിലെ 10ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, ചാണ്ടി ഉമ്മന്‍ തുടങ്ങിയവര്‍ക്കൊപ്പം എത്തി കബറിടത്തില്‍ പ്രാര്ഥനിരതനായി നിന്നതിനുശേഷം പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് പള്ളിയിലും സന്ദര്‍ശനം നടത്തി. അനുസ്മരണ സമ്മേളന വേദിയിലെത്തിയ രാഹുല്‍ ഗാന്ധിയെ കരഘോഷത്തോടെയാണ് സദസ് എതിരേറ്റത്.
അനുസ്മരണത്തില്‍ ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് അദ്ദേഹം പറഞ്ഞ ഓരോ സന്ദര്‍ഭത്തിലും കൈയടിയും ആരവവും ഉയര്‍ന്നു. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ശ്രവണപരിമിതരായ കുട്ടികള്‍ക്കുള്ള സ് മൃതിതരംഗം പദ്ധതിയുടെ ഉദ് ഘാടന വേളിയില്‍ ചികിത്സാ രേഖകള്‍ രാഹുല്‍ ഗാന്ധിയില്‍നിന്ന് ഏറ്റുവാങ്ങാനെത്തിയ കുട്ടിയുടെ ചെരിപ്പ് വഴുതിപ്പോയപ്പോള്‍ അത് കൈയിലെടുത്ത് കുട്ടിയുടെ കാലില്‍ അണിയിച്ചതിനുശേഷമാണ് രാഹുല്‍ രേഖകള്‍ കൈമാറിയത്.
രേഖകള്‍ കൈപ്പറ്റാനും ഭവനപദ്ധതിയുടെ തക്കോല് ഏറ്റുവാങ്ങാനും എത്തിയവരെ ചേര്‍ത്തുനിര്‍ത്തി രാഹുല്‍ സ്നേഹവും സന്തോഷവും പ്രകടിപ്പിച്ചു. കെപിസിസിയും ഡിസിസിയും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിനായി കൂറ്റന്‍ പന്തലാണ് ഒരുക്കിയിരുന്നത്.
കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമായി കാല്‍ലക്ഷത്തോളം പേരാണ് പുതുപ്പള്ളിയിലെത്തിയത്. പന്തലിലും പുറത്തുനില്‍ക്കുന്നവര്‍ക്ക് സമ്മേളനം വീക്ഷിക്കുന്നതിന് വലിയ സ്ക്രീനുകളും ഒരുക്കിയിരുന്നു.