ഇരുള് ലോകത്ത് ജാസ്മിന് ഏഴു ലക്ഷം ഉണ്ണിയപ്പം തയാറാക്കുകയാണ്
1576965
Friday, July 18, 2025 11:56 PM IST
റെജി ജോസഫ്
കോട്ടയം: അന്ധതയെ തോല്‍പ്പിച്ച് ജാസ്മിന് ഏഴു ലക്ഷം ഉണ്ണി യപ്പം ഒരുക്കുന്ന തിരക്കിലാണ്. ഭരണങ്ങാനത്ത് നാളെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് കൊടിയേറുന്നതു മുതല്‍ പ്രധാന തിരുനാളായ 28വരെ കബറിട പള്ളിയിലേക്ക് അയ്യായിരം കിലോ ഉണ്ണിയപ്പമാണ് തയാറാക്കുന്നത്.
ഇരുള് നിറഞ്ഞ ലോകത്തിരുന്ന് രുചിയപ്പത്തിന് ജാസ്മിന് കുഴയ്ക്കുന്ന മാവ് ചുട്ടെട്ടുക്കാന് പാചകപ്പുരയില്‍ മുപ്പതു വനിതാ ജീവനക്കാരുമുണ്ട്. തൊടുപുഴയ്ക്കു സമീപം തുടങ്ങനാട് വിച്ചാട്ട് അജിയുടെ ഭാര്യ അന്പത്തിമൂന്നുകാരിയായ ജാസ്മിന്റെ കണ്ണുകളില്‍ ഇരുള് പടരാന്‍ തുടങ്ങിയിട്ട് ഇരുപതു വര്‍ഷത്തോളമായി. സഹനം ഒരു ബലിയും ജീവിതം വെല്ലുവിളിയുമാക്കിയ ജാസ്മിന്റെ അതിജീവന ജോലിയാണ് പലഹാരനിര്‍മാണം.
ബൗദ്ധിക വെല്ലുവിളിയോടെ ജനിച്ച ഏക മകന് അഖിലിന്റെ ചികിത്സയ്ക്ക് ആശുപത്രികള്‍ കയറിയിറങ്ങുന്ന കാലത്ത് 2002ലാണ് ജാസ്മിന്റെ കണ്ണിന് മങ്ങല്‍ തുടങ്ങിയത്. വിവിധ ചികിത്സകളും ശസ്ത്രക്രിയകളും നടത്തിയെങ്കിലും കാഴ്ച മങ്ങിമങ്ങിവന്നു. ജാസ്മിന് റെറ്റിനിറ്റിസ് പിഗ്മെന്റോസ എന്ന അപൂര്‍വ നേത്രരോഗമാണെന്നു വൈദ്യം വിധിയെഴുതി. 2011ല്‍ കാഴ്ച പൂര്‍ണമായി നഷ്ടമായി.
കാഴ്ച മങ്ങിത്തുടങ്ങിയ ഘട്ടത്തില്‍തന്നെ അടുക്കളക്കാര്യങ്ങളൊക്കെ ജാസ്മിന് തനിയെ പരിശീലിച്ചു. ഇതേ കാലത്താണ് ജാസ്മിനെ ട്രൈജീമിനല്‍ ന്യൂറാള്‍ജിയ എന്ന അപൂര്‍വ രോഗവും വേട്ടയാടിയിത്. കവിളില്‍ ഉള്‍പ്പെടെ മുഖത്തെ ഞരമ്പുകള്‍ വലിഞ്ഞുമുറുകുന്ന അസഹനീയ വേദന. മകനെ താങ്ങിയെടുത്ത് വേദനകള്‍ക്കും ദുഃഖങ്ങള്‍ക്കും ആശ്വാസം തേടി അജിക്കൊപ്പം ഒരിക്കല്‍ വേളാങ്കണ്ണി പള്ളിയിലെത്തിയപ്പോള്‍ ഒരു വൈദികന് ജാസ്മിനു നല്കിയ ഉപദേശവും പ്രത്യാശയുമാണ് എല്ലാറ്റിനും നിമിത്തമായത്. അച്ചന് പ്രാര്‍ഥിച്ചുകൊണ്ടിരിക്കേ ജാസ്മിന്റെ മനസില്‍ തെളിഞ്ഞ ആശയമായിരുന്നു ഉണ്ണിയപ്പം തയാറാക്കി വില്‍ക്കുകയെന്നത്.
കിടപ്പിലായ മകനെ നോക്കാനും വീടുപോറ്റാനും സാധിക്കാതെ വലഞ്ഞ കാലത്ത് ചെറിയ തോതില്‍ ഉണ്ണിയപ്പമുണ്ടാക്കി. അജി അത് അവരുടെ പലചരക്ക് കടയില്‍ വില്ക്കാന് വച്ചപ്പോള്‍ ആവശ്യക്കാരേറെ.
ഒരു കിലോ ഉണ്ണിയപ്പമുണ്ടാക്കി തുടങ്ങിയ സംരംഭം ഇന്ന് അപ്പൂസ് ഫുഡ് പ്രോഡക്ട്സ് എന്നപേരില്‍ മെച്ചപ്പെട്ട സംരംഭമായി വളര്‍ന്നിരിക്കുന്നു. കൈയകലത്തില്‍ ചേരുവകള്‍ അടുപ്പിച്ചശേഷം വിഭവങ്ങള്‍ക്കുള്ള കൂട്ട് കുഴയ്ക്കുന്നത് ജാസ്മിന് തന്നെയാണ്. ഉണ്ണിയപ്പവും അവലോസുപൊടിയും ധാന്യപ്പൊടികളും ഇതേ ബ്രാന്‍ഡില്‍ വിറ്റഴിക്കുന്നു.
2009ല്‍ ഭരണങ്ങാനം പള്ളിയില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ആയിരം കിലോ ഉണ്ണി യപ്പത്തിന് അപ്രതീക്ഷിതമായി ഓര്‍ഡര്‍ ലഭിച്ചു. പാത്രങ്ങള്‍ വാടകയ്ക്കെടുത്ത് ചേരുവകള്‍ കടം വാങ്ങി ജാസ്മിനും സഹായികളും 1200 കിലോ ഉണ്ണിയപ്പം തയാറാക്കി. ഭരണങ്ങാനം, മാന്നാനം തീര്‍ഥാടന കേന്ദ്രങ്ങളിലും കുറവിലങ്ങാട്, അരുവിത്തുറ, കാഞ്ഞിരപ്പള്ളി, നാഗപ്പുഴ, കൂത്താട്ടുകുളം, കിഴതടിയൂര്‍, ചങ്ങനാശേരി പള്ളികളിലും ലഭിക്കുന്ന ഉണ്ണിയപ്പം ജാസ്മിന്റെ കൈപ്പുണ്യമാണ്. അജി സ്വന്തം വാഹനത്തില്‍ ഇവിടങ്ങളില്‍ ഉണ്ണി യപ്പം പാക്കറ്റിലാക്കി എത്തിക്കുന്നു.
ഇതു കൂടാതെ കോട്ടയം, ഇടുക്കി ജില്ലകളിലും ഇവര്‍ വിഭവങ്ങള്‍ വിറ്റഴിക്കുന്നുണ്ട്. പാചകപ്പുരയില്‍ മൊബൈല്‍ കോളുകള്‍ അറ്റന്റ്ഡ് ചെയ്യുന്നതും ഓര്ഡറെടുക്കുന്നതുമൊക്കെ ജാസ്മിന്തന്നെ. പരിഭവങ്ങളും നൈരാശ്യവുമില്ലാതെ സദാ പുഞ്ചിരി വിതറി ലോകത്തിന് പ്രത്യാശ സമ്മാനക്കുകയാണ് മേരിലാന്‍ഡ് കാരിയാങ്കല്‍ കുടുംബാംഗമായ ജാസ്മിന്.
പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യാം എന്നതില്‍ 2014 ലും 2015ലും കോഴിക്കോട് ഐഐഎമ്മിലെ വിദ്യാര്‍ഥികള്‍ക്കു മുമ്പിലും മറ്റ് വേദികളിലും ജാസ്മിന് അനുഭവം പങ്കുവച്ചിരുന്നു.