സുരക്ഷാസംവിധാനങ്ങളില്ല; ഗതാഗതക്കുരുക്കേറി ആര്‍വി ജംഗ്ഷന്
1576925
Friday, July 18, 2025 11:34 PM IST
പാലാ: ബൈപാസും പാലാ-കോഴാ റോഡും സന്ധിക്കുന്ന ആര്‍വി ജംഗ്ഷനില്‍ സുരക്ഷാ സംവിധാനങ്ങളൊരുക്കുവാന്‍ നടപടികളില്ല. ഇവിടെ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാകുകയാണ്. ഗതാഗതം നിയന്ത്രിക്കാന്‍ പോലീസ് സംവിധാനവുമില്ല.
വീതിയേറിയ ബൈപാസ് റോഡ് വീതി കുറഞ്ഞ പാലാ-കോഴാ റോഡിനെ മറികടക്കുന്നത് രണ്ടു കുന്നുകള്‍ക്ക് ഇടയിലുള്ള ആര്‍വി ജംഗ്ഷന് ഭാഗത്താണ്. വീതിയേറിയ ബൈപാസിലൂടെ വാഹനങ്ങള്‍ കയറ്റമിറങ്ങി മറുഭാഗത്തേക്ക് കയറ്റം കയറാനൊരുങ്ങി പോകുമ്പോള്‍ പാലാ-കോഴാ റോഡിലൂടെ വാഹനങ്ങള്‍ കുറുകെ പോകുന്നത് പലപ്പോഴും ശ്രദ്ധയില്‍പ്പെടില്ല.
നാലു ഭാഗത്തു നിന്നുമുള്ള വാഹനങ്ങള്‍ ഇവിടെയെത്തി കുരുങ്ങിക്കിടക്കുന്നത് പതിവ് കാഴ്ചയാണ്. പാലാ-കോഴാ റോഡില്‍നിന്ന് വാഹനങ്ങള്‍ ബൈപാസിലെ രണ്ടു ഭാഗത്തേക്ക് തിരിയുമ്പോഴും മറ്റു വശങ്ങളില്നിന്നു വരുന്ന വാഹനങ്ങളെ കാണാന്‍ തടസമുണ്ട്. ബൈപാസ് രൂപകല്പന ചെയ്തപ്പോള്‍ പാലാ-കോഴാ റോഡിനു മുകളിലൂടെ മേല്‍പ്പാലം തീര്‍ക്കുവാന്‍ പദ്ധതിയിട്ടിരുന്നു. പിന്നീട് ഇത് ഉപേക്ഷിക്കുകയായിരുന്നു.
ഇവിടെ ഗതാഗത നിയന്ത്രണ സംവിധാനങ്ങളും സുരക്ഷാ സംവിധാനങ്ങളും ഇല്ലാത്തത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ജംഗ്ഷന് വികസിക്കാന്‍ തുടങ്ങിയതോടെ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തനം തുടങ്ങിയതും തിരക്കു വര്‍ധിക്കുന്നതിനിടയാക്കി.
ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ റൗണ്ടാനയും ട്രാഫിക് സിഗ്നല്‍ ലൈറ്റുകളും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി.