പാലായുടെ പ്രവാസിമക്കള്‍ ഇന്ന് സംഗമിക്കുന്നു
1576923
Friday, July 18, 2025 11:34 PM IST
പാലാ: രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളെ ഏറ്റുവാങ്ങി പ്രവാസിമക്കള്‍ സംഗമിക്കുന്നു. വിവിധ രാജ്യങ്ങളില്‍ നടത്തിയ സമ്മേളനങ്ങളില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് രൂപതാതലത്തില്‍ പ്രവാസിസംഗമം ഇന്ന് ചൂണ്ടച്ചേരി സെന്റ് ജോസഫ് എന്‍ജിനിയറിംഗ് കോളജില്‍ നടക്കുന്നത്.
നൂറുകണക്കായ പ്രവാസികള്‍ ഒരുമിച്ച് ചേര്‍ന്ന് വിശുദ്ധ കുര്‍ബാനയോടെയാണ് സംഗമത്തിന് തുടക്കമിടുന്നത്. തുടര്‍ന്ന് രൂപതാധ്യക്ഷനൊപ്പം ചിന്തോദ്ദീപകമായ സമ്മേളനത്തിന് പ്രവാസികള്‍ സാക്ഷ്യം വഹിക്കും. നിലവില്‍ പ്രവാസികളായിട്ടുള്ളവരും മുന്‍പ് പ്രവാസജീവിതം നയിച്ചവരുമാണ് രൂപതയുടെ പ്രവാസി അപ്പൊസ്തലേറ്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. രൂപതാതലത്തിലുള്ള നാലാമത് സംഗമമാണ് ഇക്കുറി നടക്കുന്നത്. സംഗമത്തില്‍ ഡോക്കുമെന്ററി പ്രകാശനവും വിവിധ കര്‍മപരിപാടികളുടെ അവതരണവും ഒരുക്കിയിട്ടുണ്ട്.
മാതാപിതാക്കളും മക്കളുമുള്‍പ്പെടെ വിവിധ തലമുറകള്‍ പങ്കെടുക്കുന്ന കലാപരിപാടികള്‍ സംഗമത്തിനു കൂടുതല്‍ നിറംപകരും. രൂപതാതലത്തില്‍ നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളുടെ വിതരണവും നടക്കും. വിവിധ കര്‍മ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയിട്ടുള്ളവരെ ആദരിക്കുന്ന പരിപാടിയും സംഗമത്തിന്റെ ഭാഗമാണ് . വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന കമ്മിറ്റികളാണ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ളത്.
പ്രവാസ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് വിവിധ രാജ്യങ്ങളില്‍ രൂപത പ്രവാസി അപ്പൊസ്തലേറ്റ് നല്കുന്ന നിര്‍ദേശങ്ങളും സഹായവും ഇതിനോടകംതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പ്രവാസി ജീവിതം കൂടുതല്‍ ശക്തമായതോടെ നാട്ടില്‍ ഒറ്റപ്പെടുന്ന മുതിര്‍ന്ന ദമ്പതികള്‍ക്ക് ആവശ്യമായ പാലിയേറ്റീവ് പരിചരണമടക്കം പ്രവാസി കാര്യാലയം സമ്മാനിക്കുന്നുണ്ട്.
വിദേശരാജ്യങ്ങളില്‍ ആയിരിക്കുന്ന യുവതലമുറയ്ക്ക് സംസ്ഥാനത്തെയും രാജ്യത്തെയും വിവിധ തൊഴിലവസരങ്ങള്‍ പരിചയപ്പെടുത്തുകയും പരിശീലനം നല്‍കുകയും ചെയ്യുന്ന പദ്ധതികളും നടപ്പിലാക്കി വരുന്നുണ്ട്. സംഗമത്തിനുള്ള മുഴുവന്‍ ക്രമീകരണങ്ങളും പൂര്‍ത്തീകരിച്ചതായി പ്രവാസി കാര്യാലയം രൂപത ഡയറക്ടര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. ജോര്‍ജ് നെല്ലിക്കല്‍, ഫാ. മാണി കൊഴുപ്പന്‍കുറ്റി എന്നിവര്‍ അറിയിച്ചു.