കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലേക്കുള്ള പുത്തനങ്ങാടി റോഡ് തകർന്നു തരിപ്പണമായി
1584666
Monday, August 18, 2025 10:55 PM IST
കാഞ്ഞിരപ്പള്ളി: ദേശീയപാതയിൽനിന്നു കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലേക്കു പ്രവേശിക്കുന്ന പുത്തനങ്ങാടി റോഡ് തകര്‍ന്നു തരിപ്പണമായി. വീതിക്കുറവു മൂലം ഗതാഗതം ദുഷ്കരമായ ഇവിടെ റോഡ് കൂടി തകർന്നതോടെ കാര്യങ്ങൾ കൂടുതൽ പരിതാപകരമായി.
ഇവിടെ നേരത്തേ കോണ്‍ക്രീറ്റ് ചെയ്ത ഭാഗത്തിനു മുകളില്‍ റോഡ് ടാര്‍ ചെയ്തിരുന്നു. ഇപ്പോൾ ഈ ടാറിംഗും അടിയിലെ കോൺക്രീറ്റും തകർന്നു പലേടത്തും വലിയ കുഴികളായിരിക്കുകയാണ്. ബസുകൾ കടന്നുപോകുമ്പോൾ കുഴികളിൽ ചാടിയും ബസിന്റെ അടിവശം ഇടിച്ചും റോഡ് കൂടുതൽ തകരുന്ന സ്ഥിതിയാണ്.
കണ്ണുതുറക്കൂ പഞ്ചായത്തേ...
ദേശീയപാതയിൽനിന്നു സ്റ്റാൻഡിലേക്കു കയറുന്ന ഭാഗത്തു കഷ്ടിച്ച് ഒരു ബസിനു മാത്രം കടന്നുപോകാൻ കഴിയുന്ന വീതിയേ ഉള്ളൂ. ബസ് സ്റ്റാന്‍ഡിലേക്കുള്ള ബസുകള്‍ മാത്രമല്ല, കച്ചവട സ്ഥാപനങ്ങളിലേക്കു ലോഡുമായടക്കം വാഹനങ്ങള്‍ കടന്നുപോകുന്ന പാതയില്‍ ഇപ്പോള്‍ യാത്ര ദുഷ്കരമാണ്. പലപ്പോഴും ഇരുചക്ര വാഹനങ്ങള്‍ കുഴികളില്‍ ചാടി നിയന്ത്രണം വിടുന്നതും പതിവാണ്.
കഴിഞ്ഞ മാസം ബസ് സ്റ്റാന്‍ഡ് ദേശീയപാതയുമായി ചേരുന്ന ഭാഗത്തു സ്ലാബുകള്‍ ഒടിഞ്ഞ് അപകടാവസ്ഥയിലായതിനെത്തുടർന്ന് അറ്റകുറ്റപ്പണികള്‍ക്കായി സ്റ്റാന്‍ഡ് പത്തു ദിവസം അടച്ചിരുന്നു. അന്നു ടാറിംഗ് തകര്‍ന്ന ഭാഗവും നന്നാക്കണമെന്നു വ്യാപാരികളും ബസ് ഉടമകളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതു നടന്നില്ല. മഴ ശക്തമാകുകയും ചെറിയ കുഴികള്‍ വലുതാവുകയും ചെയ്തതോടെ യാത്ര സാഹസികമായി. എത്രയും വേഗം റോഡ് നന്നാക്കി അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് ആവശ്യം.