പാലാ - തൊടുപുഴ റോഡ്: ഏഴു വർഷം, 300 അപകടം, 50 മരണം
1584678
Monday, August 18, 2025 11:48 PM IST
പാലാ: പാലാ-തൊടുപുഴ റോഡില്‍ ഏഴു വര്‍ഷത്തിനിടെ 300 അപകടങ്ങളും 50ലധികം മരണങ്ങളും ഉണ്ടായിട്ടും പിഡബ്ല്യുഡിക്ക് അനക്കമില്ല. ഇത്രയും അപകടങ്ങൾ ഉണ്ടായിട്ടും ആവശ്യത്തിനു സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കാൻപോലും അധികൃതർക്കു കഴിഞ്ഞിട്ടില്ല. റോഡില്‍ രണ്ടിടത്ത് കാമറ സ്ഥാപിച്ചെങ്കിലും പ്രവര്‍ത്തിക്കുന്നില്ല. പ്രവിത്താനം ഭാഗത്തും കരിങ്കുന്നം ഭാഗത്തുമാണ് കാമറകള്‍ ചത്തിരിക്കുന്നത്.
അപകടങ്ങള്‍ കൂടുതല്‍ സംഭവിക്കുന്ന സ്ഥലങ്ങളില്‍ വേഗനിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിക്കാൻ പോലീസും മോട്ടോര്‍വാഹന വകുപ്പും തയാറായിട്ടില്ല. പലതവണ ഇതു സംബന്ധിച്ച പരാതികള്‍ നല്‍കിയെങ്കിലും പൊതുമരാമത്ത് വകുപ്പും അനങ്ങുന്നില്ല.
ഓവര്‍ ടേക്കിംഗ് അസാധ്യം
25.4 കിലോമീറ്റര്‍ ദൂരമുള്ള കോലാനി-പാലാ റോഡില്‍ 13.1 കിലോമീറ്റര്‍ ദൂരം ഓവര്‍ടേക്ക് ചെയ്യാനാവാത്ത റോഡാണ്. 12.3 കിലോമീറ്റര്‍ മാത്രമാണ് സുരക്ഷിതമായി മറികടക്കാവുന്ന ഭാഗം. സ്കൂള്‍ സോണുകള്‍ തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തും മഞ്ഞ റംബിള്‍ സ്ട്രിപ്പുകള്‍, പെഡസ്ട്രിയന്‍ ക്രോസിംഗില്‍ നിര്‍ബന്ധിത വേഗനിയന്ത്രണം എന്നിവ റോഡിൽ ഇല്ല.
വാഹനങ്ങൾ പെരുകിയത് അനുസരിച്ചുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടില്ല.
ഇരുട്ടിലായ റോഡ്
റോഡില്‍ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ ലൈറ്റുകള്‍ നശിച്ചിട്ട് നാളുകളായി. ഓരോ 40 മീറ്ററിനും ഒരു സോളാര്‍ ലൈറ്റ് എന്ന രീതിയില്‍ പൊന്‍കുന്നം മുതല്‍ തൊടുപുഴ വരെ 50 കിലോമീറ്ററോളം ദൂരത്തില്‍ നൂറുകണക്കിനു ലൈറ്റുകളാണ് സ്ഥാപിച്ചത്. ഇതില്‍ ഭൂരിഭാഗവും തെളിയുന്നില്ല. അപകടത്തില്‍ വാഹനം ഇടിച്ചു തകരുന്ന സോളാർ ലൈറ്റിന് ഒരു ലക്ഷത്തില്‍പരം രൂപയാണ് കെഎസ്ടിപി നഷ്ടപരിഹാരം ഈടാക്കുന്നത്.
നഷ്ടപരിഹാരം കിട്ടിയിട്ടും ലൈറ്റുകള്‍ പുനഃസ്ഥാപിക്കാന്‍ അധികാരികള്‍ തയാറാകുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു. ഈ റോഡിലെ സോളാര്‍ ലൈറ്റിലെ ബാറ്ററിയും മറ്റു ഭാഗങ്ങളും മോഷണം പോകുന്നതും പതിവാണ്.
നിയമനടപടി
സ്വീകരിക്കും
പാലാ: റോഡപകടങ്ങള്‍ കുറയ്ക്കാന്‍ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ നിയമ നടപടികളിലേക്ക്. പാലാ-തൊടുപുഴ സംസ്ഥാന പാതയില്‍ കഴിഞ്ഞ ദിവസം മുണ്ടാങ്കലിലുണ്ടായ ദാരുണമായ റോഡപകടത്തിന്റെ പശ്ചാത്തലത്തിലാണ് നിയമപോരാട്ടം. വിശദമായ പരാതി ചീഫ് സെക്രട്ടറി, പോലീസ് മേധാവി, ഗതാഗത, പൊതുമരാമത്ത്, ആരോഗ്യ സെക്രട്ടറിമാര്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് ഡയറക്ടര്‍ എന്നിവര്‍ക്ക് സെന്ററിന്റെ മാനേജിംഗ് ട്രസ്റ്റി ജയിംസ് വടക്കന്‍ നല്‍കിക്കഴിഞ്ഞു.
കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ 50ല്‍പരം മരണങ്ങളുണ്ടായ പാലാ-തൊടുപുഴ ഹൈവേയിലെ ഗതാഗതസുരക്ഷയെക്കുറിച്ച് അടിയന്തര വിദഗ്ധ പരിശോധന ഉണ്ടാവണമെന്നാണ് ആവശ്യം.