പൂഞ്ഞാർ മണ്ഡലത്തെ വന്യജീവി ആക്രമണ വിമുക്തമാക്കും: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
1584674
Monday, August 18, 2025 11:48 PM IST
എരുമേലി: പൂഞ്ഞാർ നിയോജകമണ്ഡലത്തെ വന്യജീവി ആക്രമണവിമുക്ത മേഖലയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. നിയോജകമണ്ഡലത്തിൽ എരുമേലി ഫോറസ്റ്റ് റേഞ്ചിന് കീഴിൽ നിർമാണം പൂർത്തീകരിച്ച സൗരോർജ തൂക്കുവേലികളുടെ ആദ്യഘട്ട ഉദ്ഘാടനം മൂക്കൻപെട്ടിയിൽ നിർവഹിക്കുകയായിരുന്നു എംഎൽഎ.
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും മനുഷ്യജീവനും കാർഷിക വിളകളും സംരക്ഷിക്കുന്നതിനുമായി സംസ്ഥാന വനംവകുപ്പിന്റെ പ്ലാൻ ഫണ്ട്, കൃഷി വകുപ്പ് മുഖേന ആർകെവിവൈ ഫണ്ട്, നബാർഡ് ഫണ്ട് എന്നീ ഫണ്ടുകൾ സംയോജിപ്പിച്ച് 7.34 കോടി രൂപ അനുവദിച്ചാണ് പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ 30 കിലോമീറ്ററോളം വരുന്ന വനമേഖല പൂർണമായും പ്രതിരോധ സംവിധാനങ്ങൾ ഒരുക്കി സുരക്ഷിതമാക്കുന്നതെന്ന് എംഎൽഎ പറഞ്ഞു.
ഒന്നാംഘട്ടമായി കോയിക്കക്കാവ് മുതൽ പായസപ്പടി വരെ 9.5 കിലോമീറ്ററും മഞ്ഞളരുവി മുതൽ പാക്കാനം വരെ 3.7 കിലോമീറ്ററും തൂക്ക് സൗരവേലുകൾ സ്ഥാപിച്ചു. കിടങ്ങ്, ഹാംഗിംഗ് ഫെൻസിംഗ്, സോളാർ ഫെൻസിംഗ് എന്നിവ സ്ഥാപിച്ച് വന്യജീവി ആക്രമണം പൂർണമായും പ്രതിരോധിക്കുന്ന കേരളത്തിലെ ആദ്യ നിയോജകമണ്ഡലമായി പൂഞ്ഞാറിനെ മാറ്റുമെന്നും എംഎൽഎ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പ്രഫുൽ ആഗ്രവാൾ, വനംവകുപ്പ് എരുമേലി റേഞ്ച് ഓഫീസർ കെ. ഹരിലാൽ, കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി സാബു, ജനപ്രതിനിധികൾ, കൃഷി ഓഫീസർമാർ, വിവിധ രാഷ്ട്രീയ-സാമൂഹ്യ-സംഘടനാ നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.