കൂടുതല്‍ സ്ത്രീകളെ ലക്ഷ്യമിട്ടതായി വിവരം
1584973
Tuesday, August 19, 2025 11:34 PM IST
സെബാസ്റ്റ്യന്റെ ലക്ഷ്യം സ്വത്തും സ്വർണവും
ചേർത്തല: മൂന്നു സ്ത്രീകളുടെ തിരോധാനക്കേസില്‍ സംശയനിഴലിലുള്ള സെബാസ്റ്റ്യന്‍ കൂടുതല്‍ സ്ത്രീകളെ ലക്ഷ്യമിട്ടിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. സ്വത്തും സ്വര്‍ണവും ലക്ഷ്യമിട്ടാണ് ഇയാള്‍ സ്ത്രീകളെ വശീകരിക്കാന്‍ ശ്രമിച്ചിരുന്നത്.
കുത്തിയതോട് സ്വദേശിനിയായ നാല്പതുകാരിയെ ഇയാള്‍ ലക്ഷ്യമിട്ടിരുന്നതായി സെബാസ്റ്റ്യന്റെ ഫോണ്‍വിളി രേഖകള്‍ പരിശോധിച്ച കോട്ടയം ക്രൈംബ്രാഞ്ച് കണ്ടെത്തി. ഭര്‍ത്താവ് മരിച്ച ഇവര്‍ തനിച്ചാണു താമസിച്ചിരുന്നത്. 2021ല്‍ ധ്യാനകേന്ദ്രത്തില്‍വച്ചു പരിചയപ്പെട്ട ഇവരെ പശുക്കച്ചവടത്തിനായി സെബാസ്റ്റ്യന്‍ സമീപിച്ചിരുന്നു. തുടര്‍ന്ന് അവരെ വലയിലാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ ദിവസം കോട്ടയം ക്രൈംബ്രാഞ്ച് ഈ സ്ത്രീയില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു.
ബിന്ദു കേസിലും
കസ്റ്റഡി ചോദിക്കും
കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെ(52) കാണാതായ കേസിലും സി.എം. സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തു കസ്റ്റഡിയില്‍ വാങ്ങാന്‍ കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് യൂണിറ്റ് ആലോചിക്കുന്നു. മറ്റൊരു കേസില്‍ കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ കോടതിയുടെ അനുമതി ആവശ്യമുണ്ട്. ഇതിനായി കേസില്‍ സെബാസ്റ്റ്യനെ പ്രതിസ്ഥാനത്തു നിര്‍ത്താന്‍ കഴിയുന്ന തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. തെളിവുകള്‍ ശേഖരിച്ച ശേഷം ചേര്‍ത്തല മജിസ്ട്രേട്ട് കോടതിയില്‍ അപേക്ഷ നൽകും.
120 മണിക്കൂർ
ചോദ്യം ചെയ്തിട്ടും
14 ദിവസം കസ്റ്റഡിയില്‍ ലഭിച്ച സെബാസ്റ്റ്യനെ 120 മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തെങ്കിലും ഇയാള്‍ ഒന്നും വിട്ടുപറഞ്ഞിരുന്നില്ല. ജെയ്നമ്മയ്ക്ക് എന്തുപറ്റിയെന്ന് അറിയില്ലെന്നായിരുന്നു മൊഴി.
എന്നാല്‍, സ്വീകരണമുറിയില്‍ കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേതാണെന്ന ഡിഎന്‍എ പരിശോധനാഫലം കഴിഞ്ഞ ദിവസം വന്നിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചു സെബാസ്റ്റ്യനെ ജയിലില്‍ പ്രവേശിപ്പിച്ച ശേഷമാണു പരിശോധനാ ഫലം ലഭിച്ചത്.
സെബാസ്റ്റ്യന്റെ കുതന്ത്രങ്ങളില്‍ പോലീസും വീണു
കോട്ടയം: സ്ത്രീ ഇരകളെ അപായപ്പെടുത്തുകയോ ക്വട്ടേഷന്‍ കൊടുക്കുകയോ ചെയ്തുവെന്നു കരുതുന്ന ചേര്‍ത്തല പള്ളിപ്പുറം ചൊങ്ങുതറ സി.എം. സെബാസ്റ്റ്യന്റെ ആദ്യ ഇരയായിരുന്നു കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭനെന്നാണ് പോലീസിന്റെ നിഗമനം.
വര്‍ഷങ്ങള്‍ക്കു മുന്‍പ് കാണാതായ ബിന്ദു ജീവിച്ചിരിക്കുന്നതായി ഒരു തെളിവുമില്ല. ബിന്ദുവിനെ വകവരുത്തിയ ശേഷം വ്യാജരേഖകളുണ്ടാക്കി സെബാസ്റ്റ്യന്‍ കോടികളുടെ സ്വത്തുവകകള്‍ കൈവശപ്പെടുത്തിയതായാണ് സംശയിക്കുന്നത്. ബിന്ദു പത്മനാഭനെ കാണാനില്ലെന്നും ഇവരുടെ സ്വത്തുക്കള്‍ ആള്‍മാറാട്ടം നടത്തിയും വ്യാജരേഖ ചമച്ചും സ്വന്തമാക്കിയെന്നും കാണിച്ചു വിദേശത്തു കഴിയുന്ന സഹോദരന് പ്രവീണ്‍ കുമാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2018ല്‍ സെബാസ്റ്റ്യന്‍ അറസ്റ്റിലായിരുന്നു.
വ്യാജമൊഴികൾ
ചോദ്യം ചെയ്തവേളയില്‍ അപാരമായ ബുദ്ധിയും തന്ത്രങ്ങളും പയറ്റി പോലീസിനെ വരുതിയിലാക്കി രക്ഷപ്പെട്ടു. ബിന്ദു ജീവിച്ചിരിപ്പുണ്ടെന്നു വരുത്താന്‍ അയല്‍ക്കാരായ മൂന്നു സ്ത്രീകളെ സ്വാധീനിച്ച് 2017 സെപ്റ്റംബറിലും ബിന്ദുവിനെ കണ്ടിരുന്നതായി പോലീസില്‍ വ്യാജമൊഴി നല്കി. ബിന്ദു അടുത്ത കാലത്തും തന്റെ ഓട്ടോയില്‍ യാത്ര ചെയ്തതായി സെബാസ്റ്റ്യന്റെ സന്തതസഹചാരിയും കൃത്യങ്ങളില്‍ പങ്കാളിയെന്നു സംശയിക്കുന്നയാളുമായ മനോജ് എന്നയാളും പോലീസിനെ ധരിപ്പിച്ചു. ഇതോടെയാണു ബിന്ദു ജീവിച്ചിരിപ്പുണ്ടാകാമെന്ന നിഗമനത്തിലേക്കു പോലീസ് എത്തിയത്.
വിവിധയിടങ്ങളില്‍ സ്ഥലവും ബാങ്ക് നിക്ഷേപവും സ്വര്ണവുമുണ്ടായിരുന്ന ബിന്ദുവിനെ വശത്താക്കുകയും സെബാസ്റ്റ്യനും ബിന്ദുവും പലപ്പോഴും ഒരുമിച്ചു കഴിയുകയും ചെയ്തതായി പറയപ്പെടുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ 2018 ജൂലൈ ഏഴിനാണ് സെബാസ്റ്റ്യനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കീഴടങ്ങുന്നതിന് എറണാകുളം മജിസ്ട്രേട്ട് കോടതിയില്‍ എത്തിയപ്പോഴായിരുന്ന കൊച്ചി സിറ്റി ഷാഡോ പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്.
ചേര്‍ത്തല പോലീസ് ഏറ്റുവാങ്ങി ചോദ്യം ചെയ്തപ്പോള്‍ ബിന്ദു പത്മനാഭനെ 2017 സെപ്റ്റംബറില്‍ കണ്ടിരുന്നതായി മൊഴി നല്കി.
മനോജിനെ കൊന്നതോ?
ബിന്ദുവിന്റെ പേരില്‍ വ്യാജ മുക്ത്യാര്‍, തിരിച്ചറിയല്‍ രേഖകളായി ഡ്രൈവിംഗ് ലൈസന്‍സ്, എസ്എസ്എല്‍സി ബുക്ക് എന്നിവ വ്യാജമായി തയാറാക്കിയാണ് ബിന്ദുവിന്റെ സ്ഥലം സെബാസ്റ്റ്യന്‍ വിറ്റത്. വ്യാജരേഖകളുടെ അടിസ്ഥാനത്തില്‍ സെബാസ്റ്റ്യന്‍ ബിന്ദുവിന്റെ ബാങ്ക് നിക്ഷേപങ്ങളും പിന്‍വലിച്ചു.
സെബാസ്റ്റ്യനെ ചോദ്യം ചെയ്തുകൊണ്ടിരിക്കെ ഒരു ബിഗ് ഷോപ്പര്‍ നിറയെ കറന്‍സി കെട്ടുകളുമായി സഹായിയും ഓട്ടോ ഡ്രൈവറുമായ മനോജ് യാത്ര ചെയ്യുന്ന വിവരം അറിഞ്ഞ് പോലീസ് മനോജിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു. സെബാസ്റ്റ്യനും ബിന്ദുവും പതിവായി യാത്രചെയ്തിരുന്നതു മനോജിന്റെ ഓട്ടോയിലായിരുന്നു. പിറ്റേന്നു പുലര്‍ച്ചെ മനോജ് വീട്ടില്‍ ജീവനൊടുക്കി. സെബാസ്റ്റ്യന്റെ എല്ലാ വിവരങ്ങളും അറിയാവുന്ന സഹചാരിയായിരുന്ന മനോജിന്റേത് കൊലപാതകമായിരുന്നുവെന്നു സംശയിക്കുന്നു.