കൂട്ടിക്കലിൽ 11 വീടുകളുടെ താക്കോൽദാനം 21ന്
1584670
Monday, August 18, 2025 11:48 PM IST
കോട്ടയം: ഉരുള്‍പൊട്ടല്‍ തകര്‍ത്ത കൂട്ടിക്കലില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ 11 കുടുംബങ്ങള്‍ക്ക് വീടുകള്‍ നല്‍കും. പൂഞ്ഞാര്‍ എംഎല്‍എ സര്‍വീസ് ആര്‍മി, റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 3211, പാലാ റോട്ടറി ക്ലബ് എന്നിവയുടെ സഹകരണത്തോടെ നിര്‍മിച്ച വീടുകളുടെ താക്കോലാണ് 21നു കൈമാറുന്നത്.
പൂഞ്ഞാര്‍ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായി ലക്ഷ്യമിടുന്ന 10 പുതിയ വീടുകളുടെ നിര്‍മാണ ഉദ്ഘാടനവും നടത്തും.
2021ലെ കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ ഭൂരഹിതരും ഭവനരഹിതരുമായ മുന്നൂറിലേറെപ്പേര്‍ക്ക് സംസ്ഥാന സര്‍ക്കാരും വിവിധ സ്ഥാപനങ്ങളും സംഘടനകളും വീടുകള്‍ നിര്‍മിച്ച് നല്‍കിയിരുന്നു. വിവിധ മാനദണ്ഡങ്ങള്‍ മൂലം സര്‍ക്കാര്‍തല പദ്ധതിയുടെ നേട്ടം ലഭിക്കാത്തവരില്നിന്നു തെരഞ്ഞെടുത്ത 11 പേര്‍ക്കാണ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കൂട്ടിക്കല്‍ താളുങ്കലില്‍ വീട് നിര്‍മിച്ചത്. എംഎല്‍എയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് സി.വൈ.എ. റൗഫ് വീടുനിര്‍മാണത്തിന് 60 സെന്റ് സ്ഥലം സൗജന്യമായി നല്‍കുകയായിരുന്നു.
21നു രാവിലെ 11നു കൂട്ടിക്കല്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി പാരിഷ് ഹാളില്‍ നടക്കുന്ന വീടുകളുടെ താക്കോല്‍ദാനച്ചടങ്ങ് മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. കെ.ജെ. തോമസ് ഗുണഭോക്താക്കള്‍ക്ക് ഉടമസ്ഥാവകാശ രേഖകള്‍ കൈമാറും. ഇതോടെ കൂട്ടിക്കലിലെ പ്രളയപുനരുദ്ധാരണം പൂര്‍ണമാകുമെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ പറഞ്ഞു. വീട് പോയ എല്ലാവര്ക്കും വീട് നല്കി. സിപിഎം 25 വീടുകളും വിവിധ സന്നദ്ധസംഘടനകളുടേതടക്കം 100ലധികം വീടുകളും നിര്‍മിച്ചു. നശിച്ച റോഡുകളും ഓഫീസുകളും പാലങ്ങളും പുനര്‍നിര്‍മിച്ചു.
പത്രസമ്മേളനത്തില്‍ എംഎല്‍എയ്ക്കൊപ്പം കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം, പാലാ റോട്ടറി ക്ലബ് പ്രസിഡന്റ് ജോഷി വെട്ടുകാട്ടില്‍, റോട്ടറി ഡിസ്ട്രിക്ട് 3211 അസിസ്റ്റന്റ് ഗവര്‍ണര്‍ ആന്റണി വൈപ്പന എന്നിവര്‍ പങ്കെടുത്തു.