നിര്‍മാണ സാമഗ്രികളുടെ ജിഎസ്ടി അഞ്ച് ശതമാനമാക്കണമെന്നു ഗവ.കോണ്‍ട്രാക്ടേഴ്സ് അസോ.
1584971
Tuesday, August 19, 2025 11:34 PM IST
ചങ്ങനാശേരി: നിര്‍മാണ മേഖലയിലെ മാന്ദ്യം പരിഹരിക്കുന്നതിന് നിര്‍മാണ സാമഗ്രികളുടെ ജിഎസ്ടി അഞ്ച് ശതമാനമാക്കണമെന്ന് കേരള ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്. ഭൂമിയുടെ സ്റ്റാമ്പ് ഡ്യൂട്ടി, ബാങ്ക് വായ്പയുടെ പലിശ, ഉയര്‍ന്ന ജിഎസ്ടി നിരക്കുകള്‍ തുടങ്ങിയവ വീടുകള്‍ നിര്‍മിക്കുന്ന ആളുകളുടെ ചെലവ് വര്‍ധിപ്പിക്കുന്നു. സര്‍ക്കാര്‍ പ്രോജക്ടുകളുടെ 18 ശതമാനം ജിഎസ്ടി, നിര്‍മാണ തൊഴിലാളി ക്ഷേമനിധി, ആദായ നികുതി, ഓവര്‍ ഹെഡ്സ്, കരാറുകാരന്റെ ലാഭം തുടങ്ങിയ ഇനങ്ങളിലായി 35 ശതമാനത്തോളമാകുന്നു.
ഒരു കോടി രൂപയുടെ പദ്ധതിയാണെങ്കില്‍ 65 ലക്ഷം മാത്രമേ പ്രവൃത്തികള്‍ക്കായി ചെലവഴിക്കാന്‍ സാധിക്കുകയുള്ളൂ. ബാക്കിതുക ജിഎസ്ടി ഉള്‍പ്പെടെ മറ്റിനങ്ങളിലായി വിനിയോഗിക്കപ്പെടേണ്ടിവന്നു.
സര്‍ക്കാര്‍ പ്രോജക്ടുകളുടെ ജിഎസ്ടി വിഹിതം കരാറുകാരന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒമ്പതു ശതമാനം വീതം അടയ്ക്കുകയും പണം മുടക്കുന്ന സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍ക്കാരുകള്‍ അത് ബില്‍ തുകയോടൊപ്പം കരാറുകാരന് മടക്കി നല്‍കുകയും വേണം. കേന്ദ്രവും സംസ്ഥാനവും തുല്യമായി മുതല്‍മുടക്കുന്ന ജല്‍ജീവന്‍ മിഷന് പോലെയുള്ള പ്രവൃത്തികളില്‍ ജിഎസ്ടി വിഹിതം അവര്‍ തുല്യമായി തിരിച്ചുനല്‍കണം. സങ്കീര്‍ണമായ ഇത്രയും നടപടിക്രമങ്ങള്‍ എന്തിനാണെന്നും കരാറുകാര്‍ ചോദിക്കുന്നു.
പ്രവൃത്തികളിന്മേലുള്ള ജിഎസ്ടി ഇപ്പോള്‍ 18ശതമാനമാണ്. സര്‍ക്കാര്‍ പ്രവൃത്തികളിന്മേലുള്ള ജിഎസ്ടി മുഖേന സര്‍ക്കാരിന് ഒരു രൂപയുടെ പോലും അധിക വരുമാനം ലഭിക്കുന്നില്ല.
ജിഎസ്ടി കൗണ്‍സില്‍ അംഗങ്ങളായ കേന്ദ്ര - സംസ്ഥാന ധനമന്ത്രിമാര്‍ക്ക് ഈ ആവശ്യമടങ്ങിയ നിവേദനം നല്‍കുമെന്നും കേന്ദ്ര - സംസ്ഥാന ജിഎസ്ടി കമ്മീഷണര്‍മാര്‍ സഹ ചെയര്മാന്മാരായ പരാതി പരിഹാരസമിതിയിലും ഇത് ഉന്നയിക്കുമെന്നും കേരള ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റും ജിഎസ്ടി പരാതി പരിഹാര സമിതിയംഗവുമായ വര്‍ഗീസ് കണ്ണമ്പള്ളി പറഞ്ഞു.