മുക്കൂട്ടുതറയിൽ കാട്ടുപന്നികളുടെ വിളയാട്ടം
1584968
Tuesday, August 19, 2025 11:34 PM IST
മുക്കൂട്ടുതറ: മുക്കൂട്ടുതറയിൽ കപ്പത്തോട്ടത്തിൽ കാട്ടുപന്നികളുടെ വിളയാട്ടം. നൂറ് മൂട് കപ്പ ചുവടെ പിഴുതു മാറ്റി കിഴങ്ങുകൾ ഇളക്കിയെടുത്തു നശിപ്പിച്ച നിലയിലാണ്. മുക്കൂട്ടുതറ എംഇഎസ് കോളജിന് എതിർവശത്ത് പത്തേക്കർ ഭാഗത്ത് കാവുങ്കൽ എബിയുടെ കപ്പത്തോട്ടത്തിലാണ് നാശനഷ്ടം വരുത്തിയത്.
ഈ സ്ഥലത്തിന് എതിർവശത്ത് പത്തനംതിട്ട ജില്ലയിൽപ്പെട്ട വെൺകുറിഞ്ഞിയിൽനിന്നും മണിപ്പുഴ ദ്വീപ് ഭാഗത്തുനിന്നുള്ള വനങ്ങളിൽ നിന്നാകാം കാട്ടുപന്നികൾ എത്തിയതെന്നു കരുതുന്നു. ഇന്നലെ പുലർച്ചെയോടെയാണ് പന്നികൾ കൂട്ടത്തോടെ കൃഷിയിടത്തിലെത്തി കപ്പ നശിപ്പിച്ചതെന്ന് എബി പറഞ്ഞു.
കഴിഞ്ഞയിടെയായി ഈ മേഖലയിൽ കാട്ടുപന്നികളുടെ ശല്യം കുറഞ്ഞിരുന്നതാണ്. എന്നാൽ, വീണ്ടും കാട്ടുപന്നികൾ എത്തിയത് മേഖലയിലെ കർഷകരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഓണവിപണിയിൽ വിൽക്കാൻ വേണ്ടി ഒട്ടേറെ കാർഷികവിളകൾ പാകമായിക്കൊണ്ടിരിക്കേ വന്യമൃഗങ്ങളുടെ ശല്യം വനംവകുപ്പ് ഇടപെട്ട് ഫലപ്രദമായി തടഞ്ഞില്ലെങ്കിൽ വൻതോതിൽ കൃഷിനാശം സംഭവിക്കുമെന്ന് കർഷകർ പറയുന്നു.