സഹൃദയ വായനശാല വിളിക്കുന്നു, കൂടുതൽ സൗകര്യങ്ങളിലേക്ക്
1584966
Tuesday, August 19, 2025 11:34 PM IST
കാഞ്ഞിരപ്പള്ളി: വായനയുടെയും പുസ്തകങ്ങളുടെയും പുതിയ ലോകമൊരുക്കി കാഞ്ഞിരപ്പള്ളി പഞ്ചായത്ത് സഹൃദയ വായനശാലയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ നടക്കും.
വൈകുന്നേരം നാലിനു സാംസ്കാരിക മന്ത്രി സജി ചെറിയാന് ഉദ്ഘാടനം നിർവഹിക്കും. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. തങ്കപ്പന്, വൈസ് പ്രസിഡന്റ് സുമി ഇസ്മയിൽ, സെക്രട്ടറി വി.ആർ. നിഷ, ബ്ലോക്ക്-ഗ്രാമപഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഉച്ചകഴിഞ്ഞ് 1.30ന് പേട്ട ഗവൺമെന്റ് ഹൈസ്കൂളിൽനിന്നു കുരിശുങ്കൽ ജംഗ്ഷനിലേക്കു സാംസ്കാരിക ഘോഷയാത്ര നടത്തും.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ലൂര്‍ദ് പാരിഷ് ഹാളില്‍ നടത്തുന്ന സാംസ്കാരിക സമ്മേളനം സര്‍വ വിജ്ഞാനകോശം ഡയറക്ടര്‍ ഡോ. മ്യൂസ് മേരി ജോര്‍ജ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. തങ്കപ്പന് അധ്യക്ഷത വഹിക്കും. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ഷീല തോമസ് ഐഎഎസ് എന്നിവർ പ്രതിഭകളെ ആദരിക്കും. ഡി.സി. രവി മുഖ്യപ്രഭാഷണം നടത്തും. സഹൃദയ വായനശാലയുടെ ചരിത്രം പഞ്ചായത്തംഗം വി.എന്‍. രാജേഷ് അവതരിപ്പിക്കും. ടോണി കരിപ്പാപ്പറന്പിൽ, ബേബിച്ചൻ ഏർത്തയിൽ, ഷമീം അഹമ്മദ്, പി. ജീരാജ്, പഞ്ചായത്തംഗങ്ങളായ റിജോ വാളാന്തറ, മഞ്ജു മാത്യു എന്നിവർ പ്രസംഗിക്കും.
2.57 കോടി
പഞ്ചായത്ത് 2.57 കോടി മുടക്കി ഇരുനിലകളിലായാണു പുതിയ കെട്ടിടം നിര്‍മിച്ചത്. ഒരു നിലയുടെ നിര്‍മാണംകൂടി നടത്തും. താഴത്തെ നിലയില്‍ ഷോപ്പിംഗ് കോംപ്ലക്സും മുകളിലത്തെ നിലയില്‍ ലൈബ്രറിയും പ്രവര്‍ത്തിക്കും.
പത്രസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. തങ്കപ്പന്, വൈസ് പ്രസിഡന്റ് സുമി ഇസ്മായില്‍, പഞ്ചായത്തംഗങ്ങളായ റിജോ വാളാന്തറ, വി.എന്‍. രാജേഷ്, മഞ്ജു മാത്യു എന്നിവര്‍ പങ്കെടുത്തു.
സ്ഥാപക നേതാക്കളെ മറന്നെന്ന് ആരോപണം
കാഞ്ഞിരപ്പള്ളി: സഹൃദയ വായനശാലയ്ക്കു പുതിയ കെട്ടിടം നിർമിച്ചപ്പോൾ സൗഹൃദയ വായനശാലയുടെ സ്ഥാപകനായ കെ.ജെ. തോമസ് കരിപ്പാപ്പറമ്പലിനെ അവഗണിച്ചതായി കുടുംബാംഗങ്ങള്‍. പഴയ കെട്ടിടം പൊളിച്ച് പുതിയതു നിര്‍മിച്ചപ്പോള്‍ സ്ഥാപക നേതാക്കളെ മറന്നതായിട്ടാണ് കുടുംബാംഗങ്ങളുടെ ആരോപണം.
കരിപ്പാപ്പറമ്പില്‍ കെ.ജെ. തോമസാണ് സഹൃദയ വായനശാല 1936 സെപ്റ്റംബര്‍ 28ന് കാഞ്ഞിരപ്പള്ളി കുരിശുങ്കലിലെ സ്വന്തം കെട്ടിടത്തില്‍ തുടങ്ങിയത്. കലാ-സാംസ്കാരിക പ്രവർത്തകനും പ്ലാന്ററും കാഞ്ഞിരപ്പള്ളിയുടെ മുൻ എംഎൽഎയുമായിരുന്നു കെ.ജെ. തോമസ്.1937 ഡിസംബര്‍ 17ന് തിരുക്കൊച്ചി മുഖ്യമന്ത്രിയായ സി. കേശവന് ഗ്രന്ഥശാലയുടെ ഔദ്യോഗിക ഉദ്ഘാടനം നടത്തി.
1930കളിൽ കെ.ജെ. തോമസ് തിരുവനന്തപുരത്തു ബിഎയ്ക്കു പഠിക്കുമ്പോൾ സഹൃദയ സമാജത്തിലും സഹൃദയ മാസികയിലും ആകൃഷ്ടനായി. അന്നു മനസിലുണ്ടായ ആഗ്രഹമാണ് നാട്ടിൽ അതേ പേരിൽ ഒരു വായനശാല. പൊടിമറ്റത്ത് സുഭാഷ് എന്ന പേരുള്ള വീട്ടിലെ (സുഭാഷ് ചന്ദ്രബോസിനോടുള്ള ആദരസൂചകമായി നൽകിയ പേര്) ഒരു മുറിയിൽ വായനശാല തുടങ്ങി. ഇതറിഞ്ഞ പൊൻകുന്നം വർക്കിയും പി.ടി. ചാക്കോയും മറ്റു സുഹൃത്തുക്കളും ഇവിടെയെത്തി പുസ്തകങ്ങൾ എടുക്കാൻ തുടങ്ങി. 1936 സെപ്റ്റംബർ 28ന് കാഞ്ഞിരപ്പള്ളി കുരിശുകവലയ്ക്കു സമീപത്ത് സ്വന്തം കുടുംബവക കെട്ടിടത്തിലെ ഒരു മുറിയിൽ സഹൃദയ വായനശാല തുടങ്ങി.
1937 സെപ്റ്റംബർ 27ന് മാർ ജേക്കബ് കല്ലറയ്ക്കൽ വായനശാലയുടെ ഒന്നാം വാർഷികം ഉദ്ഘാടനം ചെയ്തു. ആയിരം രൂപയും സംഭാവനയായി നൽകി. എം.പി. പോളായിരുന്നു ചടങ്ങിൽ അധ്യക്ഷൻ. 1937 ഡിസംബർ 17ന് പിന്നീട് തിരുക്കൊച്ചി മഖ്യമന്ത്രിയായ സി. കേശവൻ ഗ്രന്ഥശാലയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഡിസി കിഴക്കേമുറി, മാളിയേക്കൽ അപ്പച്ചൻ, രാമനാഥപിള്ള വക്കീൽ, പി.കെ. കോര, പോസ്റ്റ്മാസ്റ്റർ ദാമോദരൻ, കരിമ്പനാൽ തൊമ്മച്ചൻ, അബ്ദുൾ വഹാബ്, പള്ളിവാതുക്കൽ വർക്കിക്കുഞ്ഞ്, കടമപ്പുഴ പാപ്പച്ചി തുടങ്ങിയവർ കെ.ജെ. തോമസിന്റെ പിന്നിൽ അണിനിരന്നു.
അന്നു സഹൃദയ വായനശാലയുടെ വാർഷിക സമ്മേളനങ്ങൾ സാഹിത്യസദസുകളായിരുന്നു. വള്ളത്തോൾ, ജി. ശങ്കരക്കുറുപ്പ്, ജോസഫ് മുണ്ടശേരി, തകഴി ശിവശങ്കരപ്പിള്ള, ആർ. ശങ്കർ, എൻ. കൃഷ്ണപിള്ള, എസ്. ഗുപ്തൻ നായർ, പുത്തൻകാവ് മാത്തൻ തരകൻ, ലളിതാംബിക അന്തർജനം, പി.ടി. ചാക്കോ, ദീനാമ്മ ഫിലിപ്പോസ്, ആനി ജോസഫ് തുടങ്ങി പിന്നീട് രാഷ്ട്രപതിയായ കെ.ആർ. നാരായണന്റെ വരെ സാന്നിധ്യംകൊണ്ടു സമ്പന്നമായിരുന്നു അക്കാലത്ത് വായനശാലയുടെ പ്രവർത്തനങ്ങൾ. കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു. 1971ൽ വായനശാല പഞ്ചായത്തിനു കൈമാറി.