സമന്വയ മൾട്ടി സെൻസറി പാർക്കിൽ 21 ലക്ഷത്തിന്റെ വികസനം
1584679
Monday, August 18, 2025 11:48 PM IST
കുറവിലങ്ങാട്: ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പട്ടിത്താനത്ത് പ്രവർത്തിക്കുന്ന മൾട്ടി സെൻസറി പാർക്കിൽ 21 ലക്ഷം രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കും. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തിലാണ് പുതിയ പദ്ധതികൾ നടപ്പിലാക്കുന്നത്.
മൾട്ടി സെൻസറി റൂം, പാർക്ക് എന്നിവയ്ക്കായി ബ്ലോക്ക് പഞ്ചായത്ത് 6.6 ലക്ഷം രൂപ വകയിരുത്തിയിട്ടുള്ളതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ, വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ കൊച്ചുറാണി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.
വിവിധ ഉപകരണങ്ങൾ വാങ്ങാൻ ജില്ലാ പഞ്ചായത്ത് 14.87 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
സംസാരവൈകല്യമുള്ള കുട്ടികൾക്ക് വിവിധ തെറാപ്പികൾ മൾട്ടി സെൻസറി പാർക്കിൽ ലഭ്യമാക്കിയിട്ടുണ്ട്. ആറ് വയസിനു താഴെയുള്ള കുട്ടികൾക്ക് നിഷ് മുഖേനയും 18 വയസിന് താഴെയുള്ളവർക്ക് എസ്എസ്കെയുടെയും നേതൃത്വത്തിലാണ് പരിചരണം നൽകുന്നത്. സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി, സ്പെഷൽ എഡ്യൂക്കേഷൻ തുടങ്ങിയവ ലഭ്യമാണ്.
ഗ്രൂപ്പ് തെറാപ്പി, വ്യക്തിഗത സെഷൻസ്, ഡീറ്റെയിൽഡ് സ്പീച്ച് ആൻഡ് ലാംഗ്വേജ് അസസ്മെന്റ്, റീഇവാലുവേഷൻ ഓഫ് സ്പീച്ച് ആൻഡ് ലാംഗ്വേജ് സ്കിൽസ്, ഡെമോൺസ്ട്രേഷൻ തെറാപ്പി, പേരന്റൽ കൗൺസലിംഗ് എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്.