ജില്ലാ ക്ഷീരസംഗമം കാഞ്ഞിരപ്പള്ളിയില്‍
1584970
Tuesday, August 19, 2025 11:34 PM IST
കാഞ്ഞിരപ്പള്ളി: ക്ഷീര വികസന വകുപ്പ്, ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങള്‍, മില്‍മ, ജില്ല,ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍, കേരള ഫീഡ്സ്, മറ്റ് സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കോട്ടയം ജില്ലാ ക്ഷീരസംഗമം 21, 22, 23 തീയതികളില്‍ തമ്പലക്കാട് സെന്റ് തോമസ് ചര്‍ച്ച് ഓഡിറ്റോറിയം, തമ്പലക്കാട് ഗവൺമെന്റ് എല്‍പി സ്കൂള്‍, കാഞ്ഞിരപ്പള്ളി എസ്സി ബാങ്ക് വക സ്ഥലം എന്നീ മൂന്ന് വേദികളിലായി നടക്കും. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന തമ്പലക്കാട് നോര്‍ത്ത് ക്ഷീര സംഘത്തിന്റെ ആതിഥേയത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
കോട്ടയം ജില്ലാ ക്ഷീരകര്‍ഷക സംഗമവും കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ഓണമധുരം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും മൃഗസംരക്ഷണ - ക്ഷീര മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. സഹകരണ -തുറമുഖ-ദേവസ്വം മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിക്കും.
ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, ജില്ലയിലെ മുഴുവന്‍ എംഎല്‍എമാര്‍, എംപിമാര്‍, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, ക്ഷീരവികസന വകുപ്പ് മേധാവികള്‍, ക്ഷീര സംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
ജില്ലയിലെ 72 പഞ്ചായത്തുകളിലായി 11 ബ്ലോക്കുപഞ്ചായത്തുകള്‍ക്കു കീഴില്‍ വരുന്ന 272 ക്ഷീര സംഘങ്ങളിലെ ആയിരക്കണക്കിന് ക്ഷീര കര്‍ഷകര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വിളംബരവാഹനറാലി, നൂറുകണക്കിന് കന്നുകാലികളുടെ പ്രദര്‍ശന മത്സരം, ക്ഷീര കര്‍ഷകര്‍ക്കുള്ള ശില്പശാലകള്, ക്ഷീരജാലകം, എക്സിബിഷന്, ഗവ്യജാലകം, ക്ഷീരപ്രഭ, കര്‍ഷക സെമിനാര്‍, നാട്ടറിവുകള്‍, ക്ഷീര കര്‍ഷകരുടെ കലാസന്ധ്യ, പൊതുസമ്മേളനം തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ക്ഷീര വികസന വകുപ്പ് ജില്ലാ ഡയറക്ടര്‍ സി.ആര്. ശാരദ, അസിസ്റ്റന്റ് ഡയറക്ടര്‍ ബിജി വിശ്വനാഥ്, ക്വാളിറ്റി കണ്ട്രോളിംഗ് ഓഫീസര്‍ ജ്വാഗ്ലിന് ഡൊമിനിക്ക്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍ ടി.എസ്. ഷിഹാബുദ്ദീന്, തമ്പലക്കാട് നോര്‍ത്ത് സംഘം സെക്രട്ടറി സണ്ണി ജേക്കബ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പരിപാടികൾ വിശദീകരിച്ചു.