അപകടസ്ഥിതിയിലായ പാലമരവും തകർച്ചയിലായ ബസ് കാത്തിരിപ്പുകേന്ദ്രവും നീക്കണം
1585214
Wednesday, August 20, 2025 7:31 AM IST
തലയോലപ്പറമ്പ്: തലയോലപറമ്പ് സെന്‍ട്രല്‍ ജംഗ്ഷനില്‍ യാത്രക്കാര്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ഭീഷണിയായി നില്ക്കുന്ന കൂറ്റന്പാലമരം മുറിക്കുന്നതിനും അപകട സ്ഥിതിയിലായ ബസ്കാത്തിരിപ്പു കേന്ദ്രം പൊളിച്ചു നീക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. വേരറ്റു നിലംപൊത്താറായ മരത്തിനടുത്താണ് പൊളിഞ്ഞുവീഴാറായ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം.
പുതിയ ബസ് സ്റ്റാന്‍ഡ് വരുന്നതിനുമുമ്പ് ഇവിടെയായിരുന്നു ബസുകള്‍ നിര്‍ത്തിയിരുന്നത്. അപകട സ്ഥിതിയിലായ വന്മരം മുറിച്ചുനീക്കുന്നതിനും തകര്‍ച്ചാഭീഷണിയിലായ ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചു മാറ്റുന്നതിനും അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതര്‍ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പാലമരത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി 2020ല്‍ പഞ്ചായത്തിനും പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനിയര്‍ക്കും വ്യാപാരിയായ എ. രാമചന്ദ്രന് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പോലീസ് ഔട്ട് പോസ്റ്റിനും ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുംവേണ്ടിയുമാണ് സ്വകാര്യ വ്യക്തി ഈ സ്ഥലം പഞ്ചായത്തിന് വിട്ടു നല്‍കിയത്. സ്വകാര്യവ്യക്തിയും പഞ്ചായത്തും തമ്മിലുണ്ടാക്കിയ ഉടമ്പടിയില്‍ ഈ രണ്ടു കാര്യങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും ഈ സ്ഥലം ഉപയോഗിക്കാന്‍ പാടില്ലായെന്ന വ്യവസ്ഥയുണ്ട്.
വ്യവസ്ഥ ലംഘിച്ചാല്‍ സ്ഥലം വിട്ടുനല്‍കിയവരുടെ കൈവശം തിരിച്ചെത്തുമെന്നായിരുന്നു വ്യവസ്ഥ. അതുകൊണ്ടാണ് മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സ്ഥലം വിനിയോക്കാന് കഴിയാത്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷിജി വിന്‍സെന്റ് പറഞ്ഞു.