സുമനസുകളുടെ സഹായത്താൽ തച്ചേകുന്നേല് ശശിക്കും സഹോദരി ഓമനയ്ക്കും വീടായി
1585219
Wednesday, August 20, 2025 7:42 AM IST
കുറുപ്പന്തറ: മാഞ്ഞൂര്‍ പഞ്ചായത്തിലെ അതിദരിദ്ര ലിസ്റ്റില്‍ ഉള്‍പ്പെടുകയും സ്വന്തം പേരില്‍ വസ്തു സംബന്ധിച്ചു റിക്കാര്ഡുകളൊന്നുമില്ലാത്തതിനാല് ലൈഫ് മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതെയുംവന്ന 12-ാം വാര്‍ഡിലെ തച്ചേകുന്നേല് ശശിക്കും സഹോദരി ഓമനയ്ക്കും വീടായി.
അടച്ചുറുപ്പില്ലാത്ത വീടിനുള്ളിലാണ് ഇരുവരും കഴിയുന്നതെന്ന് മനസിലാക്കിയ വാര്‍ഡ് മെംബര്‍ സുനു ജോര്‍ജിന്റെ നേതൃത്വത്തില്‍ സുമനസുകളുടെ സഹായത്തോടെ വീട് നിര്‍മാണം പൂര്‍ത്തിയാക്കി. മേയ് മാസത്തില്‍ നടന്ന ഗ്രാമസഭയില്‍ സുനു ജോര്‍ജ് വിഷയം അവതരിപ്പിക്കുകയും വീട് നിര്‍മാണത്തിനായി പതിനൊന്നംഗ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. അജിത് തെക്കെപുരയില്‍ കണ്‍വീനറായിട്ടാണ് വീടിന്റെ പണികള്‍ ആരംഭിച്ചത്.
സുനു ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു.
ബ്ലോക്ക് മെംബര്‍ ലൂക്കോസ് മാക്കില്‍, ജനപ്രതിനിധികളായ ടോമി കാറുകുളം, ബിനോ സക്കറിയ, സാലിയമ്മ ജോളി, ലിസി ജോസഫ്, അജിത് തെക്കെപുരയില്‍, വിഇഒമാരായ പ്രീന്ഷാദ്, നിഷ, വിവിധ രാഷ്ട്രീയ നേതാക്കള്‍, പൊതു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.