മേൽപാലങ്ങളുടെ അപ്രോച്ച് റോഡുകള്‍ തകര്‍ന്ന് യാത്രാ ദുരിതം
1584852
Tuesday, August 19, 2025 6:34 AM IST
ചങ്ങനാശേരി: റെയില്‍വേ മേല്‍പാലം കടക്കാന്‍ വാഹനങ്ങളുടെ നീണ്ടനിര. മേല്‍പ്പാലത്തിന്റെ ഇരുഭാഗത്തും തകര്‍ന്നു കിടക്കുന്ന അപ്രോച്ച് റോഡ് ഭാഗത്തെ കുഴികളില്‍ ചെറുതും വലുതുമായ വാഹനങ്ങള്‍ ഇറങ്ങിക്കയറാന്‍ സമയമെടുക്കുന്നതാണ് പാലത്തില്‍ വാഹനങ്ങള്‍ കുരുങ്ങാന്‍ കാരണം.
ഇത് അക്ഷരാര്‍ഥത്തില്‍ വാഴൂര്‍ റോഡില്‍ കുരിശുംമൂടു മുതല്‍ ഒന്നാംനമ്പര്‍ ബസ് സ്റ്റാന്‍ഡ് വരെയും ചങ്ങനാശേരി ബൈപാസിലും വാഹനസഞ്ചാരം കുരുക്കുകയാണ്. റെയിൽവേ ബൈപാസ് ജംഗ്ഷനിലും റോഡ് തകർന്നിട്ടുണ്ട്. കുരുക്കുമുറുകുന്പോൾ റെയിൽവേ ജംഗ്ഷനിലെ സിഗ്നൽ സംവിധാനം ട്രാഫിക് പോലീസ് ഓഫാക്കി കഠിനാധ്വാനം ചെയ്താണ് പരിഹാരമുണ്ടാക്കുന്നത്. മഴ തോരുന്പോഴേ മേല്‍പാലത്തിലെ അപ്രോച്ച് റോഡിന്റെ തകര്‍ച്ച പരിഹരിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
പാറേല്‍ പള്ളി ഭാഗത്തുനിന്നു കവലയിലെത്താന്‍ 25 മിനിറ്റ്
പാറേല്‍ പള്ളി ഭാഗത്തുനിന്നു നിരങ്ങിനീങ്ങുന്ന സ്വകാര്യബസുകളടക്കം വാഹനങ്ങള്‍ ചങ്ങനാശേരി കവലയില്‍ എത്താന്‍ 20നും 30നും ഇടയില്‍ മിനിറ്റ് എടുക്കേണ്ടിവരുന്നു. ഇതിനാല്‍, സ്വകാര്യ ബസുകളുടെ സമയക്രമം തെറ്റുന്നു. രാവിലെ സ്കൂളുകളിലും കോളജുകളിലുമെത്തേണ്ട വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്‍പ്പെടെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങി ആർക്കും സമയക്ലിപ്തത പാലിക്കാനാവുന്നില്ല.
പൈപ്പുകളിടാന്‍ കുഴിച്ച റോഡ് പൂര്‍വസ്ഥിതിയില്‍ എത്തിക്കുന്നതും വൈകുന്നു
ജല്‍ജീവന്‍, അമൃത് പദ്ധതികള്‍ക്കായി പാറേല്‍പ്പള്ളി ഭാഗത്ത് വെട്ടിപ്പൊളിച്ച ഫുട്പാത്തുകള്‍ പൂര്‍വസ്ഥിതിയില്‍ ആക്കാത്തതും യാത്രക്കാര്‍ക്കു വലിയ ദുരിതമാണ്. വാഴൂര്‍ റോഡില്‍ പാറേല്‍പ്പള്ളി കിണര്‍ ഭാഗത്തുനിന്നുമാരംഭിച്ച് ഫാത്തിമാപുരത്തെത്തുന്ന റോഡിന്റെ ഇരുവശങ്ങളിലും പൈപ്പ് സ്ഥാപിച്ചെങ്കിലും റോഡ് പൂര്‍വസ്ഥിതിയില്‍ എത്തിക്കുന്നത് വൈകുന്നതുമൂലം വാഹനസഞ്ചാരം അതീവ ദുരിതമാണ്.
കവിയൂര്‍ റോഡിന്റെ ശോച്യാവസ്ഥയും കുരുക്ക്
ചങ്ങനാശേരി-കവിയൂര്‍ റോഡിന്റെ തകര്‍ച്ച ഈ റോഡിലെയും ഗതാഗതം തടസപ്പെടുത്തുന്നു. പായിപ്പാട്, നാലുകോടി കവലകളിലും ഇരൂപ്പ, ഫാത്തിമാപുരം ഭാഗങ്ങളിലും റോഡ് തകര്‍ന്ന നിലയിലാണ്. ഫാത്തിമാപുരം റെയില്‍വേ മേല്‍പാലത്തിന്റെ അപ്രോച്ച് റോഡുകളും തകര്‍ച്ചയിലാണ്.
പെരുന്ന-എസ്ബി കോളജ് ഭാഗത്തും തിരക്ക്
നിര്‍മാണത്തിലിരിക്കുന്ന കെഎസ്ആര്‍ടിസി സ്റ്റേഷനു മുമ്പില്‍ കോട്ടയം ഭാഗത്തേക്കും മുനിസിപ്പല്‍ ഓഫീസിനു മുമ്പില്‍ തിരുവല്ല ഭാഗത്തേക്കുള്ള കെഎസ്ആര്‍ടിസി ബസുകളും നിര്‍ത്തുന്നത് എന്‍എച്ച് 183 (എംസി)റോഡില്‍ പെരുന്ന മുതല്‍ എസ്ബി കോളജ് ഭാഗം വരേയും ഗതാഗതം കുരുക്കുകയാണ്.
ട്രാഫിക് പോലീസും നെട്ടോട്ടം
ട്രാഫിക് എന്‍ഫോഴ്സ്മെന്റ് പോലീസ് നഗരത്തിലെ ഗതാഗത പ്രതിസന്ധി പരിഹരിക്കാന്‍ നെട്ടോട്ടമോടുകയാണ്. അടിസ്ഥാനപ്രശ്നങ്ങൾ ചര്‍ച്ച ചെയ്തു പരിഹരിക്കാത്തതിനാൽ പോലീസ് സേനയും ബുദ്ധിമുട്ടുകയാണ്.
ഗതാഗത ഉപദേശകസമിതി യോഗം ഇനിയും വൈകരുത്
നഗരത്തിലെ ഗതാഗതത്തിരക്കിനു പരിഹാരം കാണാന്‍ നഗരസഭാധികൃതര്‍ അടിയന്തരമായി ട്രാഫിക് ഉപദേശക സമിതി യോഗം വിളിച്ചുചേര്‍ക്കണമെന്ന ആവശ്യം ഉയരുകയാണ്. അല്ലാത്ത പക്ഷം ഓണക്കാലമാകുമ്പോള്‍ നഗരം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടും.
ട്രാഫിക് ഉപദേശക സമിതി താഴെപ്പറയുന്ന ആവശ്യങ്ങൾ പരിഗണിക്കണം.
•റോഡുകളുടെ തകര്‍ച്ചയ്ക്ക് പരിഹാരം കാണണം.
• എന്‍എച്ച്-183(എംസി റോഡില്‍)ല്‍ മതുമൂല മുതല്‍ ളായിക്കാട് വരെയുള്ള ഭാഗങ്ങളില്‍ സിഗ്നലുകളും ഡിവൈഡര്‍ ലൈനുകളും സീബ്ര ക്രോസിംഗുക ളും സ്ഥാപിക്കണം.
• മാര്‍ക്കറ്റ് റോഡില്‍ രൂക്ഷമാകുന്ന കുരുക്കഴിക്കാൻ നടപടിവേണം.
• വഴിവാണിഭങ്ങളിലെ വര്‍ധന പരിശോധിക്കണം.
• പെരുന്ന രാജേശ്വരി ജംഗ്ഷനില്‍ തട്ടുകടകള്‍ക്കു മുമ്പിലെ വാഹനപാര്‍ക്കിംഗ് മറ്റു വാഹനങ്ങള്‍ക്ക് ദുരിതമാകുന്നുണ്ടോയെന്ന് വിലയിരുത്തണം.
• എസ്എച്ച് ജംഗ്ഷനില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കണം.
•ആറുവര്‍ഷം മുമ്പ് നഗരത്തിലെ ഓട്ടോകള്‍ക്ക് നമ്പര്‍ നല്കി പാര്‍ക്കിംഗ് ഏരിയാകളും ഏര്‍പ്പെടുത്തിയിരുന്നു. എന്നാലിപ്പോള്‍ നഗരസഭാ നമ്പറില്ലാത്ത നിരവധി ഓട്ടോകള്‍ പാര്‍ക്ക് ചെയ്ത് ഓടുന്നു. ഇതു പരിശോധിച്ച് എണ്ണം നിയന്ത്രിക്കണം.
•ഫുട്പാത്തുകളിലൂടെയുള്ള കാല്‍നടയാത്ര സുഗമമാക്കണം.
•വൈദ്യുതി തൂണുകളിലും ഫുട്പാത്തുകളിലും സ്ഥാപിച്ചിരിക്കുന്ന ഫ്ളെക്സ്ബോര്‍ഡുകള്‍ നീക്കം ചെയ്യണം.
•ഓണക്കാലത്ത് റോഡിലെ കുരുക്ക് ഒഴിവാക്കാൻ നഗരത്തിൽ പാർക്കിംഗ് ക്രമീകരണങ്ങളും ഏർപ്പെടുത്തണം.