പാക്കില്‍ സംക്രമ വാണിഭത്തിന് തങ്കമ്മ ഇനിയില്ല
1585213
Wednesday, August 20, 2025 7:31 AM IST
ചങ്ങനാശേരി: പാക്കില്‍ സംക്രമ വാണിഭത്തില്‍ തഴപ്പായയും കുട്ടയും മുറവും ചൂലുമായെത്തിയിരുന്ന മാന്നില മുക്കട തങ്കമ്മ (86) ഓര്മമായി. അഞ്ചു പതിറ്റാണ്ടായി കര്‍ക്കിടകം ഒന്നിന് പാക്കില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രമൈതാനത്ത് ആരംഭിക്കുന്ന സംക്രമ വാണിഭത്തിന് പാക്കനാരുടെ തലമുറയില്‍പ്പെട്ട പ്രതിനിധി ക്ഷേത്ര നടയില്‍ തങ്ങള്‍ നിര്‍മിച്ച ഒരു ഉത്പന്നം നടയ്ക്ക് വയ്ക്കുന്നതോടെയാണ് വാണിഭത്തിനു തുടക്കം കുറിക്കുന്നത്.
കഴിഞ്ഞ 50 വര്‍ഷമായി മുടങ്ങാതെ ഇതു നിര്‍വഹിച്ചിരുന്ന തങ്കമ്മയാണ് വിടവാങ്ങിയത്. കോവിഡ് മഹാമാരി കാലത്ത് സംക്രമവാണിഭം നടന്നില്ലെങ്കിലും പാക്കനാരുടെ പ്രതിനിധിയായി ചടങ്ങുകള്‍ക്കായി അന്നും തങ്കമ്മ എത്തിയിരുന്നു.
ഇത്തവണയും പാക്കില്‍ സംക്രമണത്തിന് തങ്കമ്മയുടെ സാന്നിധ്യമുണ്ടായിരുന്നു. വീട്ടിലിരുത്തി കൊട്ടയും മുറവും പായും ഉള്‍പ്പെടെ ആളുകളെക്കൊണ്ടു നെയ്ത് എടുപ്പിച്ചായിരുന്നു ആദ്യകാലത്ത് തങ്കമ്മ കച്ചവടം നടത്തിയിരുന്നത്. പ്രധാന ദേവാലയങ്ങളിലെ പെരുന്നാളുകളിലും ഉത്സവങ്ങളിലുമെല്ലാം കുട്ടയും മുറവുമായി തങ്കമ്മ എത്തിയിരുന്നു. കിഴക്കന്‍ മേഖലകളില്‍നിന്നും ഈറ്റയും വള്ളികളും എത്തിച്ചാണ് കുട്ടയും മുറവും മറ്റും നെയ്തിരുന്നത്.
പാക്കനാരുടെ കഥകള്‍ പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിലും തങ്കമ്മ ശ്രദ്ധിച്ചിരുന്നു. മാടപ്പള്ളി പഞ്ചായത്തിലെ മാന്നില പ്രദേശത്ത് പരമ്പരാഗതമായി കൊട്ടയും മുറവും നെയ്തു കച്ചവടം നടത്തിയിരുന്നവരിലെ അവസാന കണ്ണിയാണ് തങ്കമ്മയുടെ വേര്‍പാടോടെ ഓർമയായത്.