പ്രസാദ് ഇറങ്ങിയാൽ വരാൽ വരാതിരിക്കില്ല
1584857
Tuesday, August 19, 2025 6:34 AM IST
കൈപ്പുഴ: വലയുമായി മാഞ്ഞൂർ മേമ്മുറി സ്വദേശി പ്രസാദ് പാടത്തിറങ്ങിയാൽ വരാൽ ഒാടിവന്നു കയറും. ഉൾനാടൻ മീൻപിടിത്തത്തിൽ രണ്ടു പതിറ്റാണ്ട് പിന്നിടുന്ന മരങ്ങാട്ടുകുന്നേൽ പ്രസാദിനെ തേടി ആളുകൾ പ്രധാനമായും എത്തുന്നത് വരാലിനെ വാങ്ങാനാണ്. വെള്ളം വറ്റിക്കുന്ന പാടങ്ങളിലും തോട്ടിലുമാണ് പ്രധാന മീൻപിടിത്തം. വട്ടവല, കുത്തുവല, വീശുവല ഇവയൊക്കെയുമായിട്ടാണ് പ്രസാദ് ഇറങ്ങുന്നത്.
നാടന്‍ വരാല് നാട്ടു മീനുകളിലെ രാജാവാണ്. ഏറ്റവുമധികം ആവശ്യക്കാരുള്ളതും വരാലിനാണ്. സീസണില്‍ കിലോഗ്രാമിന് 500 രൂപ വരെ കിട്ടും. നാടന്‍ വരാലിന്റെ ഔഷധ ഗുണം തന്നെയാണ് വിലകൂടാന്‍ കാരണം. ശസ്ത്രക്രിയകള്‍ക്കു ശേഷം മുറിവ് പെട്ടെന്നുണങ്ങാനും പൊട്ടിയ അസ്ഥികള്‍ പെട്ടെന്നു പൂര്‍വസ്ഥിതിയിലാകാനും എണ്ണയോ തേങ്ങയോ ചേര്‍ക്കാതെ വരാല് മീന്‍ പുളിയിട്ട് വറ്റിച്ച കറി ഉത്തമമാണെന്നാണ് പഴമക്കാര്‍ പറയുന്നു.
വലിയ വരാല് മീനുകളെ നിക്ഷേപിച്ച വെള്ളം വെട്ടുകല്ല് ഉപയോഗിച്ചു കെട്ടിടങ്ങൾ നിർമിക്കുന്പോൾ ചാന്തിൽ ചേർക്കാൻ ചിലർ ഉപയോഗിച്ചിരുന്നു. സുര്‍ക്കി മിശ്രിതത്തില്‍ ചേര്‍ക്കുന്ന വെള്ളം വരാല് മത്സ്യത്തെ ജീവനോടെ ഇട്ടവെള്ളമാണ്. വലിയ വാര്‍പ്പുകളില്‍ മത്സ്യത്തെ ജീവനോടെ സൂക്ഷിക്കും. വരാലിന്റെ ശ്വസന പ്രക്രിയവഴി ഈ വെള്ളം വഴുവഴുപ്പും പശയുള്ളതായും മാറുന്നു. ഭിത്തി നിര്‍മിക്കുമ്പോള്‍ ഈ വെള്ളത്തില്‍ മുക്കിയശേഷം വെട്ടുകല്ലുകള്‍ പാകുന്നു. അത് നല്ല ഉറപ്പുള്ളതായി കാലങ്ങളോളം നിലനില്ക്കും. പ്രസാദിന്റെ ഇഷ്ടമീനും വരാലാണ്.
20 വര്‍ഷമായി നാടന്‍ മീന്‍ ടൂറിസ്റ്റ് റിസോര്‍ട്ട്, ബാറുകള്‍, ഷാപ്പ് എന്നിവിടങ്ങളില്‍ വിറ്റാണ് പ്രസാദിന്റെ ഉപജീവനം. ഈ തൊഴിലില്‍നിന്നു ലഭിച്ച വരുമാനംകൊണ്ട് മൂന്നു പെണ്മക്കളെയും പഠിപ്പിച്ചു. നഴ്സിംഗ്, ഡിഗ്രി, പ്ലസ് ടു തലങ്ങളില്‍ അവരെത്തി. വരുമാനം കൃത്യമായി പറയാനാവില്ല. ചിലപ്പോള്‍ രണ്ടായിരം രൂപ വരെ കിട്ടിയേക്കാം. ചിലപ്പോള്‍ ഒന്നും കിട്ടില്ല. ഇത്രയും പറഞ്ഞിട്ട് വലയുമായി പ്രസാദ് വരാലിനെ തേടി തോട്ടിലേക്ക് ഇറങ്ങി.