കളക്ടറുടെ ഉത്തരവ് അവഗണിച്ചു; മരം വീണ് വീടിനു നാശം
1584851
Tuesday, August 19, 2025 6:33 AM IST
കറുകച്ചാൽ: അയൽവാസിയുടെ പറമ്പിൽനിന്ന കൂറ്റൻ ചാര് മരം വീണ് വീടിനു നാശം നേരിട്ടു. ചമ്പക്കര കുറുപ്പൻകവല മാക്കിപാലം ഭാഗത്ത് തുണ്ടിയിൽ ടി.ടി. മുരുകന്റെ വീടിനാണു നാശം സംഭവിച്ചത്. ഇന്നലെ രാവിലെ 7.15 ഓടെയാണ് സംഭവം.
കളക്ടറുടെ ഉത്തരവ് ഉണ്ടായിട്ടും വെട്ടിമാറ്റാതിരുന്ന മരമാണ് വീടിന് മുകളിൽ വീണതെന്നു നാട്ടുകാർ പറയുന്നു. നഷ്ടപരിഹാരം നൽകാനും മരം മുറിച്ചുനീക്കാനും സ്ഥലമുടമ വിസമ്മതിച്ചതോടെ പഞ്ചാത്തംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു.
അപകടവിവരം മുരുകൻ സ്ഥലമുടമയോട് പറഞ്ഞെങ്കിലും നടപടി സ്വീകരിക്കാൻ ഇയാൾ തയ്യാറായില്ല. വിവരമറിഞ്ഞ് വാർഡംഗം കിരൺകുമാറിന്റെ നേതൃത്വത്തിൽ വീണ്ടും സ്ഥലമുടമയോടു സംസാരിച്ചെങ്കിലും മരം മുറിക്കില്ലെന്നും നഷ്ടപരിഹാരം കൊടുക്കില്ലെന്നും അറിയിച്ചു. ഇതോടെ വാർഡംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു.
വിവരമറിഞ്ഞ് കറുകച്ചാൽ പോലീസ്, ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, പഞ്ചായത്ത് സെക്രട്ടറി, തഹസിൽദാർ അടക്കമുള്ളവർ സ്ഥലത്തെത്തി. സ്ഥലമുടമ ഒത്തുതീർപ്പിന് തയ്യാറാകാതെ വന്നതോടെ വിഷയം കളക്ടറെ അറിയിച്ചു. കളക്ടറുടെ നിർദേശപ്രകാരം ഇന്നു മരം മുറിച്ചു മാറ്റാൻ പഞ്ചായത്ത് അധികൃതർ തീരുമാനിച്ചു.
അപകടാവസ്ഥയിലുള്ള മരം മുറിക്കണമെന്ന് മുരുകൻ പലവട്ടം സ്ഥലമുടമയോട് പറഞ്ഞതാണ്. നടപടിയുണ്ടാകാതെ വന്നപ്പോൾ കറുകച്ചാൽ പഞ്ചായത്തിലും ജില്ലാ കളക്ടർക്കും പരാതി നൽകിയിരുന്നു. കളക്ടറുടെ നിർദേശപ്രകാരം പഞ്ചായത്ത് സെക്രട്ടറി മരം മുറിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടും ഉടമ മരം മുറിക്കാൻ തയ്യാറായില്ല. സെക്രട്ടറിക്കെതിരേ ഇയാൾ കേസ് നൽകിയതായി പഞ്ചായത്ത് അധികൃതരും പറയുന്നു.