ഫാ. എ. തോമസ് വേങ്കടത്തിന്റെ സ്ഥാനാരോഹണം 21ന്
1584855
Tuesday, August 19, 2025 6:34 AM IST
കോട്ടയം: മലങ്കര യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസനത്തിലെ സീനിയര്‍ വൈദികന് ഫാ. എ. തോമസ് വേങ്കടത്തിന്റെ കോര്‍എപ്പിസ്കോപ്പ സ്ഥാനാരോഹണം 21ന്. കോട്ടയം സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ രാവിലെ 6.15നു വിശുദ്ധ കുര്‍ബാന മധ്യേ ഭദ്രാസന മെത്രാപ്പോലീത്തയും എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയുമായ ഡോ. തോമസ് മാര്‍ തീമോത്തിയോസ് കോര്‍എപ്പിസ്കോപ്പ സ്ഥാനം നല്‍കും.
ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ തിമോത്തിയോസിന്റെ ശിപാര്‍ശപ്രകാരം കോര്‍എപ്പിസ്കോപ്പ സ്ഥാനം സംബന്ധിച്ച് ആകമാന സുറിയാനി സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ കല്പന നേരത്തേ ലഭിച്ചിരുന്നു.
തിരുവഞ്ചൂര്‍ മര്‍ത്ത്മറിയം പള്ളി ഇടവകയിൽ വേങ്കടത്ത് ചെറിയാന് അന്ത്രയോസ്-ഏലിയാമ്മ ദമ്പതികളുടെ മകനായി 1960ല്‍ ജനിച്ചു. 1988ഡിസംബര്‍ 11ന് ഡോ. ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയില്‍നിന്നു വൈദികപട്ടം സ്ഥീകരിച്ചു. ഭദ്രാസനത്തിലെ 25 പള്ളികളിലും യുഎസില്‍ നോര്‍ത്ത് കരോളൈനയിലെ ഷാര്‍ലറ്റ് സെന്റ് ജോര്‍ജ് പള്ളിയിലും സേവനം ചെയ്തു.
സഭാ മാനേജിംഗ് കമ്മിറ്റിയംഗം, അഖില മലങ്കര യൂത്ത് അസോസിയേഷന് വൈസ് പ്രസിഡന്റ്, വൈദിക സൊസൈറ്റി സെക്രട്ടറി, വൈദികസംഘം കോട്ടയം ഭദ്രാസന കമ്മിറ്റിയംഗം, ഭദ്രാസന കൗണ്‍സിൽ അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു.
കാലംചെയ്ത യാക്കോബ് മാര്‍ യൂലിയോസ്, ബെന്യാമിന് ജോസഫ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്താമാരുടെ സെക്രട്ടറിയായിരുന്നു. നിലവില്‍ പാമ്പാടി ഈസ്റ്റ് മര്‍ത്ത്മറിയം ചെറിയ പള്ളി, മീനടം സെന്റ് ജോണ്‍സ് പള്ളി എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിക്കുന്നു. ഭദ്രാസന ശുശ്രൂഷകസംഘം വൈസ്പ്രസിഡന്റുമാണ്.
ഇവാഞ്ചലിക് അസോസിയേഷന് കമ്മിറ്റിയംഗം, തിരുവഞ്ചൂര്‍ വൈഎംസിഎ രക്ഷാധികാരി, മഞ്ഞിനിക്കര തീര്‍ഥാടകസംഘം വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു. മണര്‍കാട് സെന്റ് മേരീസ് കോളജ് സുറിയാനി അധ്യാപകനായിരുന്നു. ഭാര്യ: വത്സമ്മ തോമസ്. മക്കള്‍: അലക്സ് തോമസ് (ഐടി മാനേജര്‍, ഇന്റര്‍ഗ്രോ ബ്രാന്‍ഡ് കൊച്ചി), അഡ്വ. എല്‍സ എലിസബത്ത് തോമസ്. മരുമക്കള്‍: ഷാനി ആന്‍ അലക്സ് (അധ്യാപിക, കളമശേരി രാജഗിരി പബ്ലിക് സ്കൂള്‍), തോമസ് സാബു (പ്രഫസര്‍, മണര്‍കാട് സെന്റ് മേരീസ് കോളജ്).