സംരംഭകർക്ക് കൈത്താങ്ങാകാൻ ഓണച്ചന്തയും ഓണക്കിറ്റുമൊരുക്കി വൈക്കംനഗരസഭാ കുടുംബശ്രീ
1585218
Wednesday, August 20, 2025 7:42 AM IST
വൈക്കം: കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങൾ വിറ്റഴിച്ച് സംരംഭകർക്ക് അധികവരുമാനം നേടിക്കൊടുക്കാൻ വൈക്കം നഗരസഭ കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെ നടത്തുന്ന മാസച്ചന്ത ജനപ്രിയമാകുന്നു. നഗരസഭ കുടുംബശ്രീ നഗരസഭാ കാര്യാലയത്തിനു മുന്നിൽ മാസത്തിൽ മൂന്നു ദിവസമാണ് ചന്ത സംഘടിപ്പിക്കുന്നത്.
കുടുംബശ്രീ അംഗങ്ങൾ വീടുകളിൽ തയാറാക്കുന്ന കലർപ്പില്ലാത്ത പല തരം അച്ചാറുകൾ, കറിപ്പൊടികൾ, മസാലക്കൂട്ടുകൾ, വിവിധ തരം ധാന്യങ്ങളുടെ പൊടികൾ, പലഹാരങ്ങൾ, പായസങ്ങൾ എന്നിവയ്ക്ക് പുറമേ നൈറ്റി , തോർത്ത്, റെഡിമെയ്ഡ് വസ്ത്രങ്ങൾ തുടങ്ങിയവയുമായി വിവിധഗ്രൂപ്പുകളടക്കം 20 ഓളം സംരംഭകരാണ് ചന്തയിൽ ഉത്പന്നങ്ങളുമായെത്തുന്നത്. 20 രൂപ മുതൽ 100 രൂപവരെ വിലയുള്ള ഗുണമേന്മയുള്ള ഉത്പന്നങ്ങൾക്ക് ആവശ്യക്കാരുമേറെയാണ്.
സംരംഭകർക്ക് പിൻബലമേകാൻ മാസംതോറും മൂന്നു ദിവസം ചന്ത നടത്തുന്നതിനായി പന്തൽ തീർക്കുന്നതിനും അനുബന്ധ ചെലവുകളും കുടുംബശ്രീ ജില്ലാമിഷൻ വഹിക്കും. നഗരസഭ സിഡിഎസ് ചെയർപേഴ്സൺ സൽബി ശിവദാസ്, മെംബർ സെക്രട്ടറി ഷിബു, കുടുംബശ്രീ മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റ് ലതാ ശിവാനന്ദൻ,
കുടുംബശ്രീ വൈക്കം ബ്ലോക്ക് കോ-ഓർഡിനേറ്റർ രഞ്ജിതദേവ്, സിഡിഎസ് കൺവീനർ പി.ശാരദ തുടങ്ങിയവരുടെ ഏകോപനത്തോടെയുള്ള പ്രവർത്തനമാണ് മാസച്ചന്ത വൻവിജയമാക്കുന്നത്.