പേവിഷബാധയേറ്റ് ചത്ത നായ കടിച്ച നായ്ക്കളേയും പൂച്ചയേയും പിടികൂടി പ്രതിരോധ കുത്തിവയ്പ്പെടുത്തു
1584848
Tuesday, August 19, 2025 6:33 AM IST
വൈക്കം: പേവിഷബാധയേറ്റ് ചത്ത തെരുവുനായ കടിച്ചു പരിക്കേൽപ്പിച്ചതായി സംശയിക്കുന്ന മൂന്ന് തെരുവുനായ്ക്കളേയും ഒരു പൂച്ചയേയും പിടികൂടി പ്രതിരോധ വാക്സിൻ നൽകി.
നായ്ക്കളെയും പൂച്ചയേയും കൂട്ടിൽ നിരീക്ഷണത്തിലാക്കി. വൈക്കം നഗരസഭ 17-ാം വാർഡിൽ തോട്ടുവക്കത്ത് കെവി കനാലോരത്ത് കഴിഞ്ഞ ദിവസം പേവിഷബാധയേറ്റ് ചത്ത തെരുവുനായയുടെ കടിയേറ്റ തെരുവുനായെ അവശനിലയിൽ കണ്ടതോടെ നാട്ടുകാർ മുൻനഗരസഭാ ചെയർ പേഴ്സണും വാർഡു കൗൺസിലറുമായ രാധികശ്യാമിനെ അറിയിച്ചതിനെത്തുടർന്ന് തെരുവുനായ്ക്കളെ പിടി കൂടുന്നതിൽ വൈദഗ്ധ്യം നേടിയ ആളെത്തി നായ്ക്കളെയും പൂച്ചയേയും പിടികൂടി കൂട്ടിലാക്കി.തുടർന്ന് വെറ്ററിനറി ഡോക്ടറെത്തി വാക്സിനേഷൻ നടത്തി.
കഴിഞ്ഞ ദിവസം പേവിഷബാധയേറ്റു ചത്ത തെരുവുനായ കടിച്ച നാലുപേരിൽ വഴിയോരത്തെ ഷെഡിൽ കഴിയുന്ന വയോധികനേയും വാർഡ്കൗൺസിലർ രാധികശ്യാമും നാട്ടുകാരും ചേർന്ന് വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ചു പ്രതിരോധ കുത്തിവയ്പ്പെടുത്തു.
സംഭവമറിഞ്ഞ് നഗരസഭാ ചെയർപേഴ്സൺ പ്രീതാ രാജേഷ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധുസജീവൻ, കൗൺസിലർമാർ തുടങ്ങിയവരും സ്ഥലത്തെത്തി.
തോട്ടുവക്കത്തും കെവി കനാലോരത്തും വേമ്പനാട്ട് കായൽക്കരയിലും മുമ്പ് പലതവണ പേവിഷബാധയേറ്റ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ വയോധികർക്കും സ്ത്രീകൾക്കുമടക്കം നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
തോട്ടുവക്കത്തും നഗരത്തിലെ പ്രധാന വീഥികളിലും ഉൾപ്രദേശത്തെ വഴികളിലും വിജനമായ പുരയിടങ്ങളിലും ആൾതാമസമില്ലാത്ത വീടുകളിലും തെരുവുനായക്കൂട്ടം കടിപിടികൂടി തമ്പടിക്കുന്നതിനാൽ ജനം ഭീതിയോടെയാണ് നിരത്തിലിറങ്ങുന്നത്.