ത്രിപുര സ്വദേശിയുടെ കളഞ്ഞുപോയ പഴ്സ് കണ്ടെത്തി നല്കി യുവാവും ഏറ്റുമാനൂര് പോലീസും
1584854
Tuesday, August 19, 2025 6:34 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂർ പോലീസിന്റെ അവസരോചിത ഇടപെടലിലും യുവാവിന്റെ സത്യസന്ധതയിലും ത്രിപുര സ്വദേശിക്ക് നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചു. ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ട പഴ്സാണ് ത്രിപുര സ്വദേശിക്ക് തിരികെ ലഭിച്ചത്.
ഞായറാഴ്ച രാത്രി പാലായിൽനിന്ന് എം ആൻഡ് എം ബസിൽ യാത്ര ചെയ്ത ത്രിപുര സ്വദേശി ഹൃദയദാസിന്റെ 15,000 രൂപ അടങ്ങിയ പഴ്സാണ് നഷ്ടപ്പെട്ടത്. യാത്ര ചെയ്ത ബസ് ഏതാണെന്ന് ഹൃദയ ദാസിന് അറിവുണ്ടായിരുന്നില്ല.
ഹൃദയദാസ് ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാലാ റൂട്ടിൽ സർവീസ് നടത്തുന്ന എം ആൻഡ് എം ബസ് ക്ലീൻ ചെയ്യുമ്പോൾ കാണക്കാരി പള്ളിപ്പടി സ്വദേശി വടക്കേമറ്റപ്പള്ളി വീട്ടിൽ ജോസിന്റെ മകൻ എബിന് വണ്ടിയിൽക്കിടന്ന് പഴ്സ് കിട്ടിയതായി വിവരം ലഭിച്ചു. പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്ഐ ഉദയൻ കെ., സിവിൽ പോലീസ് ഓഫീസർ പ്രദീപ് എന്നിവർ സ്ഥലത്തെത്തി പഴ്സ് ഹൃദയ് ദാസിന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു.
ഏറ്റുമാനൂർ എസ്ഐ അഖിൽദേവ് എ.എസ്. ഇന്നലെ ഹൃദയ് ദാസിനെയും എബിനെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി. എസ്എച്ച്ഒ അൻസൽ എ.എസിന്റെ സാന്നിധ്യത്തിൽ എബിൻ, ഹൃദയ് ദാസിന് പഴ്സ് കൈമാറി. ഏറ്റുമാനൂരിൽ ഡെവൺ കറി പൗഡർ കമ്പനി ജീവനക്കാരനായ എബിൻ അധിക വരുമാനത്തിനായാണ് ബസ് ക്ലീനിംഗ് ജോലി ചെയ്തു വന്നിരുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.