എണ്ണക്കാച്ചിറയിലെ കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കണം: അപു ജോണ്‍ ജോസഫ്
1584849
Tuesday, August 19, 2025 6:33 AM IST
ചങ്ങനാശേരി: കുറിച്ചി പഞ്ചായത്തിലെ എണ്ണക്കാച്ചിറയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും പട്ടയമില്ലാത്ത അമ്പതോളം വരുന്ന കുടുംബങ്ങൾക്ക് ഉടന്‍ പട്ടയം അനുവദിക്കണമെന്നും കേരള കോണ്‍ഗ്രസ് സംസ്ഥാന കോഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ്. എണ്ണക്കാചിറയില് കേരള കോണ്‍ഗ്രസ് പുനര്‍നിര്‍മിച്ച സമര വീടിന്റെ സമര്‍പ്പണം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുറിച്ചി പഞ്ചായത്തിലെ എണ്ണക്കാച്ചിറ നിവാസികളോട് പഞ്ചായത്ത് അധികൃതര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ഒരു വിധവയ്ക്കു വീട് നിര്‍മിച്ചാണ് കേരള കോണ്‍ഗ്രസ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റിയംഗം ഡോ. ജോബിന് എസ്. കൊട്ടാരം അധ്യക്ഷത വഹിച്ചു. പാര്‍ട്ടി വൈസ്ചെയര്‍മാന്‍ കെ.എഫ്. വര്‍ഗീസ്, ഉന്നതാധികാര സമിതിയംഗങ്ങളായ വി.ജെ. ലാലി, സി.ഡി വത്സപ്പന്‍, ഏലിയാസ് സഖറിയ, നിയോജകമണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി പ്ലാത്താനം, അഡ്വ. ചെറിയാന് ചാക്കോ, ജോര്‍ജുകുട്ടി മാപ്പിളശേരി, ജെയ്സ് വെട്ടിയാര്‍, കുര്യന് തൂമ്പുങ്കല്‍, ജിക്കു കുര്യാക്കോസ്, റോയി ചാണ്ടി, ജോസഫ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.