ആശമാരുടെ പ്രതിഷേധ സംഗമം; പന്തല്‍ പൊളിക്കാനുളള നീക്കം തിരുവഞ്ചൂര്‍ ഇടപെട്ട് തടഞ്ഞു
1584680
Monday, August 18, 2025 11:48 PM IST
കോട്ടയം: ആശമാരുടെ പ്രതിഷേധ സംഗമത്തിന്റെ പന്തല്‍ പൊളിക്കാനുള്ള നീക്കം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഇടപെട്ട് തടഞ്ഞു. ആശാ സമരത്തിന്റെ അഞ്ചാംഘട്ടമായ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുള്ള സമരപരിപാടികളുടെ ഭാഗമായി കേരള ആശ ഹെല്‍ത്ത് വര്‍ക്ക് അസോസിയേഷനും ആശാ സമര സഹായ സമിതിയും ഇന്നലെ രാവിലെ കളക്ടറേറ്റിനുമുമ്പില്‍ നടത്തിയ പ്രതിഷേധ സംഗമത്തിനിടയിലാണു പന്തല്‍ പൊളിക്കാന്‍ പോലീസ് ശ്രമിച്ചത്.
കളക്ടറേറ്റിനു മുമ്പില്‍ ഇന്നലെ രാവിലെ സമരത്തിനായി പന്തല്‍ കെട്ടിയപ്പോള്‍ത്തന്നെ ഒരു പോലീസുകാരനെത്തി സമരക്കാരോട് പന്തല്‍ കെട്ടുന്നതു നിയമവിരുദ്ധമാണെന്ന് പറഞ്ഞു. എന്നാല്‍ ഇവിടെ സ്ഥിരമായി പന്തല്‍ കെട്ടുന്നതാണെന്നു പറഞ്ഞ് സമരക്കാര്‍ പന്തല്‍കെട്ടി സമരം ആരംഭിച്ചു. തുടര്‍ന്ന് പന്തല്‍ പൊളിക്കുന്നതിനായി ആളുകള്‍ എത്തി.
പ്രതിഷേധക്കാര്‍ എതിര്‍ത്തെങ്കിലും പന്തലിന്റെ ഷീറ്റുകളും വിരിച്ച തുണികളും മറ്റും അഴിക്കാന്‍ തുടങ്ങി. ഏഴോളം ഷീറ്റുകള്‍ പൊളിക്കാനെത്തിയവര്‍ മാറ്റി. ഈ സമയത്താണ് സമരം ഉദ്ഘാടനം ചെയ്യുന്നതിനായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ എത്തിയത്.
എംഎല്‍എ പ്രസംഗിക്കുന്നതിനു മുമ്പില്‍ ഗോവണി വച്ച് ഷീറ്റ് പൊളിക്കാന്‍ ആരംഭിച്ചപ്പോള്‍ ആരാണ് പന്തല്‍ പൊളിക്കുന്നതെന്നും ആരുടെ ഉത്തരവാണെന്നും എംഎല്‍എ ചോദിച്ചു.
പോലീസ് നിര്‍ദേശ പ്രകാരമാണെന്നു പൊളിക്കാനെത്തിയവര്‍ പറഞ്ഞപ്പോള്‍ പന്തലിനു സമീപമുള്ള സീനിയര്‍ പോലീസ് ഉദ്യോഗസ്ഥരോട് എത്താന്‍ എംഎല്‍എ ആവശ്യപ്പെട്ടു.
പന്തല്‍ പൊളിക്കാനുള്ള ഉത്തരവ് കാണിക്കാന്‍ എംഎല്‍എ ആവശ്യപ്പെട്ടെങ്കിലും ഉത്തരവില്ലെന്നും ജില്ലാ പോലീസ് ചീഫിന്റെ നിര്ദേശമുണ്ടെന്നുമാണു പോലീസ് ഉദ്യോഗസ്ഥ പറഞ്ഞത്.
പൊളിക്കാന്‍ പറ്റില്ലെന്നും പൊളിച്ചാല്‍ കളക്ടറേറ്റിനകത്തു കയറി സമരം നടത്തുമെന്നും താന്‍ സമരക്കാരോടൊപ്പം പന്തലില്‍ ഇരിക്കുകയാണെന്നും എംഎല്‍എ കര്‍ക്കശമായി പോലീസ് ഉദ്യോഗസ്ഥരോടു പറഞ്ഞു.
ഇതോടെ സമരക്കാര്‍ പോലീസിനെതിരേ മുദ്രവാക്യം വിളിച്ചു. ഏറെനേരം പോലീസുമായി സമരക്കാര്‍ വാക്കുതര്‍ക്കം നടത്തിയതിനൊടുവില്‍ പൊളിക്കല്‍ ഉപേക്ഷിച്ച് പോലീസ് പിന്‍വാങ്ങി. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് ഒന്നുവരെ സമരം തുടര്‍ന്നു.
യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, കേരള കോണ്‍ഗ്രസ് നേതാവ് വി.ജെ. ലാലി, ആശാ സമര സഹായ സമിതി സെക്രട്ടറി എം.കെ. ബിജു, കേരള ആശാ ഹെല്‍ത്ത് വര്‍ക്ക് അസോസിയേഷന് സെക്രട്ടറി ആശാ രാജ് എന്നിവര്‍ പ്രസംഗിച്ചു. ആശാ വര്‍ക്കര്‍മാരുടെ സമരം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് സമരപ്പന്തല്‍ പൊളിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തിയതെന്ന് സമരസഹായ സമിതി ആരോപിച്ചു.