ഗവ. വൊക്കേഷണൽ എച്ച്എസ്എസിന് മികച്ച നാഷണൽ സർവീസ് സ്കീമിനുള്ള അവാർഡ്
1584841
Tuesday, August 19, 2025 6:32 AM IST
കുമരകം: ഈ വർഷത്തെ ഏറ്റവും മികച്ച നാഷണൽ സർവീസ് സ്കീമിനുള്ള ജില്ലാ തല അവാർഡ് കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്.
സംസ്ഥാനത്തെ നാഷണൽ സർവീസ് സ്കീം പ്രവർത്തനങ്ങൾ വിലയിരുത്തി ഇതുവരെ നടത്തിയിട്ടുള്ള പ്രവർത്തനങ്ങളുടെ അവലോകനത്തെ അടിസ്ഥാനമാക്കിയാണ് അവാർഡ് പ്രഖ്യാപിച്ചത്.
ആതുര സേവന പ്രവർത്തനങ്ങൾ, കുമരകം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണവിതരണം, നിരാലംബർക്ക് ധനസഹായവും മരുന്നുവിതരണവും, സാമൂഹ്യ വനവത്കരണ പരിപാടികൾ തുടങ്ങി ഒട്ടനവധി ശ്രദ്ധേയ പ്രവർത്തനങ്ങളാണ് കഴിഞ്ഞ വർഷങ്ങളിൽ ഇവർ നടത്തിവന്നിരുന്നത്. അടുത്തമാസം പകുതിയോടെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി സ്കൂളിന് അവാർഡ് നൽകും.