എരുമേലി അസംപ്ഷൻ ഫൊറോന പള്ളി സുവർണ ജൂബിലി സമാപിച്ചു
1584672
Monday, August 18, 2025 11:48 PM IST
എരുമേലി: ചെറിയ സമൂഹങ്ങളായി ആരംഭിച്ച് വളർന്നുപന്തലിച്ച ഒരു വടുവൃക്ഷമാണ് സഭയെന്നും അതിന്റെ ശാഖകളാണ് ഇടവകകളും ഫൊറോനകളുമെന്നും ചങ്ങനാശേരി അതിരൂപത മുൻ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം. എരുമേലി അസംപ്ഷൻ പള്ളിയെ ഫൊറോനയായി ഉയർത്തിയതിന്റെ സുവർണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ പെരുന്തോട്ടം.
ക്രൈസ്തവസഭയുടെ സാന്നിധ്യം ലോകത്ത് എവിടെയെത്തിയാലും ആ പ്രദേശങ്ങൾ ആത്മീയമായും സാമൂഹികമായും വളരുമെന്നും മനുഷ്യന് അന്തസായി ജീവിക്കാനുള്ള ചുറ്റുപാടുകൾ സൃഷ്ടിക്കുകയാണ് ക്രൈസ്തവസഭ ചെയ്യുന്നതെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പറഞ്ഞു.
മോൺ. ജോർജ് ആലുങ്കൽ, എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പ്രഫ. ജൂബി മാത്യു, ഫൊറോന വികാരി ഫാ. വർഗീസ് പുതുപ്പറമ്പിൽ, ഫാ. കുര്യാക്കോസ് വടക്കേടത്ത്, കൈക്കാരൻ സജി ജോർജ് തകടിയേൽ എന്നിവർ പ്രസംഗിച്ചു. ഈ വർഷത്തെ പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ യോഗത്തിൽ ആദരിച്ചു.
1975ൽ ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ആന്റണി പടിയറയാണ് എരുമേലി അസംപ്ഷൻ പള്ളിയെ ഫൊറോനയായി ഉണർത്തിയത്.