66 ഗ്രാമീണ റോഡുകള്‍ക്ക് നിര്‍മാണ അനുമതി ലഭിച്ചു: ഫ്രാന്‍സിസ് ജോര്‍ജ്
1584853
Tuesday, August 19, 2025 6:34 AM IST
കോട്ടയം: പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന (പിഎംജിഎസ്വൈ ) പദ്ധതി പ്രകാരം കോട്ടയം ലോക്സഭാ മണ്ഡലത്തിലെ 66 ഗ്രാമീണ റോഡുകള്‍ക്കു നിര്‍മാണാനുമതി ലഭിച്ചതായി ഫ്രാന്‍സിസ് ജോര്‍ജ് എംപി. ജനവാസ കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും കുറഞ്ഞത് ആറു മീറ്റര്‍ വീതിയെങ്കിലുമുള്ള മണ്റോഡുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.
അനുമതി ലഭിച്ച റോഡുകള്‍ ഉന്നത നിലവാരത്തില്‍ നിര്‍മിക്കുന്നതിനുള്ള പ്രോജക്ട് റിപ്പോര്‍ട്ട് ഉടന്‍ തയാറാക്കും. ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലുള്ള 55 റോഡുകളുടെ 112 കിലോമീറ്ററും എറണാകുളം ജില്ലയിലെ പിറവം നിയോജക മണ്ഡത്തിലെ 11 റോഡുകളുടെ 15 കിലോമീറ്റര്‍ ദൂരവുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കേന്ദ്രത്തില്‍നിന്ന് അനുമതി ലഭിക്കുന്നതോടെ സര്‍വേ പൂര്‍ത്തിയാക്കി സമര്‍പ്പിച്ചിട്ടുള്ള മറ്റു റോഡുകളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ 60 ശതമാനം, സംസ്ഥാന സര്‍ക്കാര്‍ 40ശതമാനം തുകകള്‍ മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. റോഡുകളുടെ അടിഭാഗം ശക്തമായി ബലപ്പെടുത്തിയതിനുശേഷം ഉന്നത നിലവാരത്തില്‍ ടാര്‍ ചെയ്യുകയും ഇരുവശങ്ങളും കോണ്‍ക്രീറ്റ് ചെയ്യുന്ന വിധത്തിലാണ് എസ്റ്റിമേറ്റ് തയാറാക്കുക. ഈ റോഡുകളില്‍ ആവശ്യമായ സ്ഥലങ്ങളില്‍ കലുങ്കുകളും പാലങ്ങളും നിര്‍മിക്കും.
അഞ്ചു വര്‍ഷത്തെ റോഡ് പരിപാലനവും ഉള്‍പ്പെടുത്തിയാണ് പ്ലാനും എസ്റ്റിമേറ്റും തയാറാക്കുന്നത്. റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വികസനരംഗത്ത് വലിയ മുന്നേറ്റമുണ്ടാകുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.