നിസാർ ഓർമയായി; "അപ്പുവിന്റെ ദുഃഖ'ത്തിലൂടെ സംവിധാന രംഗത്തേക്ക്
1584683
Monday, August 18, 2025 11:48 PM IST
ബെന്നി ചിറയില്‍
ചങ്ങനാശേരി: അപ്പുവിന്റെ ദുഃഖമെന്ന ലഘുചിത്രത്തിലൂടെയായിരുന്നു നിസാര്‍ അബ്ദുല്‍ഖാദര്‍ ചലച്ചിത്ര സംവിധാന രംഗത്തേക്ക് 1984-ൽ കാല്‍വയ്പു നടത്തിയത്. വിദ്യാഭ്യാസ വിഷയങ്ങളായിരുന്നു പ്രമേയം. തുടര്‍ന്ന് 1985 കാലഘട്ടത്തില്‍ നിസാര്‍ എഴുതി സംവിധാനം ചെയ്ത പെരുവഴിയമ്പലം എന്ന നാടകം ഏറെ ശ്രദ്ധനേടിയതായി ഈ നാടകത്തില്‍ തൃക്കോവിലപ്പന്റെ വേഷമണിഞ്ഞ ചലച്ചിത്രതാരം ചീരഞ്ചിറ സ്വദേശി ഷാജി സുരേഷ് കണ്ണമ്പള്ളി ദീപികയോടു പറഞ്ഞു.
1994ലാണ് സുദിനം എന്ന ചിത്രം സംവിധാനം ചെയ്തത്.
21 ദിനങ്ങള്‍കൊണ്ടാണ് സുദിനം എന്ന ചലച്ചിത്രം പുറത്തിറക്കിയത്. തുടര്‍ന്ന് പ്രശസ്തമായ ഇരുപത്തഞ്ചിലേറ ചിത്രങ്ങളാണ് നിസാര്‍ സംവിധാനം ചെയ്തത്. പലതും ഹിറ്റായി. ത്രീ മെന്‍ ആര്‍മി, അച്ഛന് രാജാവ് അപ്പന് ജേതാവ്, ഓട്ടോ ബ്രദേഴ്സ്, അപരന്മാര് നഗരത്തില്‍, ജനനായകന് തുടങ്ങിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ കൈയടി നേടിയവയില്‍പ്പെടുന്നു. 2021ല്‍ കളേഴ്സ് എന്ന തമിഴ് ചിത്രവും 2023ല്‍ ടൂമെന്‍ ആര്‍മി എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു.
സര്‍വകലാശാല കലോത്സവങ്ങള്‍ക്കായി വിവിധ കോളജുകള്‍ക്കായി നിസാര്‍ നിരവധി നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
ചങ്ങനാശേരി വലിയകുളം പാത്തിക്കല്മുക്കിലുള്ള മകള്‍ സൗമ്യയുടെ ഐഷ മന്‍സിലില്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുന്ന മൃതദേഹത്തില്‍ ചലച്ചിത്ര, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ ആദരവ് അര്‍പ്പിച്ചു.