അപകടക്കെണിയായി മുണ്ടക്കയം നഗരമധ്യത്തിലെ കുഴി
1584675
Monday, August 18, 2025 11:48 PM IST
മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ കൂട്ടിക്കൽ കവലയിൽ റോഡിന്റെ മധ്യത്തിൽ രൂപപ്പെട്ടിരിക്കുന്ന കുഴി അപകടങ്ങൾക്കിടയാക്കുന്നു. മുണ്ടക്കയം ടൗണിൽനിന്ന് കൂട്ടിക്കൽ ഭാഗത്തേക്ക് തിരിയുന്ന റോഡിൽ രൂപപ്പെട്ടിരിക്കുന്ന ഗർത്തമാണ് സ്ഥിരം അപകടങ്ങൾക്ക് വേദിയാകുന്നത്.
കൂട്ടിക്കൽ റോഡിൽനിന്ന് ഇറക്കമിറങ്ങിവരുന്ന വാഹനയാത്രക്കാരുടെ ശ്രദ്ധയിൽ കുഴി പെടാതെ പോകുകയും അപകടം സംഭവിക്കുകയുമാണ് ചെയ്യുന്നത്. കൂടുതലും ഇരുചക്ര വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. ദേശീയപാതയിൽനിന്നു കൂട്ടിക്കൽ റോഡിലേക്ക് തിരിയുന്ന വാഹനങ്ങൾ കുഴിയിൽ വീഴാതെ വെട്ടിച്ച് മാറ്റുന്നതും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്.
അപകടം ഇവിടെ പതിവായതോടെ ഓട്ടോറിക്ഷാ തൊഴിലാളികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കുഴിയിൽ വാഴനട്ട് പ്രതിഷേധിച്ചിരുന്നു. വലിയ അപകടങ്ങൾക്ക് വഴിവയ്ക്കാതെ റോഡിലെ കുഴി മൂടാൻ അധികാരികൾ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.