കേര പദ്ധതി നടപ്പാക്കൽ റബർ കർഷക താത്പര്യങ്ങൾക്ക് വിരുദ്ധമെന്ന് ആക്ഷേപം
1584681
Monday, August 18, 2025 11:48 PM IST
കോട്ടയം: കേരള കാലാവസ്ഥ അതിജീവന കാര്‍ഷിക മൂല്യവര്‍ധക വിപണന ശൃംഖല നവീകരണ പദ്ധതി (കേര ) പ്രകാരം റബറിന്റെ ആവര്‍ത്തന കൃഷിക്ക് അപേക്ഷിക്കുന്ന കര്‍ഷകര്‍ക്ക് (₹ 75,000) റബര്‍ ബോര്‍ഡില്‍നിന്ന് ലഭ്യമാകുന്ന സബ്സിഡി (₹40,000) നിഷേധിക്കുന്ന കേരള സര്‍ക്കാരിന്റെ നയം തിരുത്തണമെന്ന് റബര്‍ ഉത്പാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മ ജനറല്‍ സെക്രട്ടറി ബാബു ജോസഫ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേര പദ്ധതി അപേക്ഷകർക്ക് റബർബോർഡിന്റെ സഹായത്തിന് അപേക്ഷിക്കാൻ കഴിയില്ല.
കേരളത്തിൽ മാത്രമുള്ള കേര പദ്ധതിയില്‍ കർഷകർ ചേരുന്നതിലൂടെ ഇവിടെ റബര്‍ ബോര്‍ഡ് സബ്സിഡിക്ക് അപേക്ഷകരില്ലാതാകുകയും റബര്‍ ബോര്‍ഡ് സേവനങ്ങള്‍ കുറയുകയും ചെയ്യും. റബര്‍ ബോര്‍ഡ് ഫീല്‍ഡ് ഓഫീസര്‍മാര്‍ക്ക് പകരം താത്കാലിക നിയമനം ലഭിച്ച കേര ഫീല്‍ഡ് ഓഫീസർമാരാണ് ഈ സ്കീം നടപ്പാക്കുന്നത്. ഇവരുടെ പ്രവര്‍ത്തനത്തില്‍ റബര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണമില്ല.
പക്ഷേ, കേരയിലെ താത്കാലിക ജീവനക്കാര്‍ തയാറാക്കുന്ന റിപ്പോര്‍ട്ട് റബര്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തണം. ഫലത്തിൽ, കേര റബര്‍ ബോര്‍ഡിന്റെ സമാന്തര സംവിധാനമാകും. കേവലം അഞ്ച് വര്‍ഷത്തേക്കുള്ള ഈ പദ്ധതി റബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തങ്ങളുടെ താളം തെറ്റിക്കും.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇതേപോലെ റബര്‍ വികസന പദ്ധതികളുണ്ട്. അവിടെ 1.5 ലക്ഷം രൂപ വരെ സഹായമുണ്ട്. എന്നാല്‍, പണം റബര്‍ ബോര്‍ഡ് വഴിയാണ് വിതരണം ചെയ്യുന്നത്. കേര പദ്ധതിയില്‍ കേരള സര്‍ക്കാര്‍ നല്കാന് ഉദ്ദേശിക്കുന്ന അധിക തുക ( ₹35,000) റബര്‍ ബോര്‍ഡ് വഴി വിതരണം ചെയ്താല്‍ കേരള സര്‍ക്കാരിന്റെ ദുര്‍വ്യയങ്ങള്‍ ഇല്ലാതാകുന്നതിനും റബര്‍ ബോര്‍ഡ് പ്രവര്‍ത്തനം ശക്തിപ്പെടുന്നതിനും ഇടയാക്കും.
കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ത്തന്നെ റബര്‍ ബോര്‍ഡിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ കുറച്ചുവരികയാണ്. കേരളത്തില്‍ സബ്സിഡി അപേക്ഷകള്‍ കുറഞ്ഞാല്‍ പലരും ഭീതിപ്പെട്ടിരുന്ന റബര്‍ ബോർഡിന്റെ കേരളത്തിലെ ജീവനക്കാരുടെ സ്ഥലംമാറ്റം അടക്കം വേഗത്തിലാകുമെന്നും റബർ ബോർഡ് പ്രവർത്തനങ്ങൾ ഇല്ലാതാകുമെന്നും ബാബു ജോസഫ് പറഞ്ഞു.