തദ്ദേശ തെരഞ്ഞെടുപ്പ് സര്‍ക്കാരിനെതിരേയുള്ള ജനവിധിയാകും: സണ്ണി ജോസഫ്
1584974
Tuesday, August 19, 2025 11:34 PM IST
കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 22, 23, 24 തീയതികളില്‍ വിപുലമായ മണ്ഡലം യോഗങ്ങളും 25, 26, 27 തീയതികളില്‍ വാര്‍ഡ് നേതൃയോഗങ്ങളും നടത്തും. 29, 30, 31 തീയതികളില്‍ കോണ്‍ഗ്രസ് നേതാക്കന്മാരുള്പ്പെടെ വാര്‍ഡ് തലത്തില്‍ വിപുലമായ ഭവന സന്ദര്‍ശനവും നടത്തും.
ഭവന സന്ദര്‍ശനത്തോടനുബന്ധിച്ച് ഫണ്ട് ശേഖരണവും നടക്കുമെന്ന് ജില്ലയിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാര്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍, ഡിസിസി ഭാരവാഹികള്‍, കെപിസിസി അംഗങ്ങള്‍, പോഷക സംഘടനാ ജില്ലാ പ്രസിഡന്റുമാര്‍ എന്നിവരുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്തു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു.
കോണ്‍ഗ്രസും യുഡിഎഫും തദ്ദേശ തെരഞ്ഞെടുപ്പിന് സജ്ജമായിക്കഴിഞ്ഞുവെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കേരള സര്‍ക്കാരിനെതിരേയുള്ള ജനവിധിയാകുമെന്നും സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കെ.സി. ജോസഫ്, കുര്യന് ജോയ്, ജോസഫ് വാഴയ്ക്കന്, ജോസി സെബാസ്റ്റ്യന്‍, പി.എ. സലിം, ടോമി കല്ലാനി, ജോഷി ഫിലിപ്പ്, ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, ടി.ഡി. പ്രദീപ്കുമാര്‍, പി.ആര്. സോന, എ. സനീഷ്കുമാര്, മോഹന്‍ കെ. നായര്‍, റോണി കെ. ബേബി എന്നിവര്‍ പ്രസംഗിച്ചു.